കീവ്: യുക്രൈൻ സൈന്യത്തിനൊപ്പം ചേരാൻ വിദേശ പൗരൻമാരെയും ക്ഷണിച്ച് പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. റഷ്യക്കെതിരായ പ്രതിരോധം കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരത്തിൽ നീക്കം നടത്താൻ യുക്രൈൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുക്രൈനിന്റെ ഇന്റർനാഷണൽ ഡിഫൻസ് ലെജിയനിൽ ചേരാനുള്ള മാനദണ്ഡങ്ങൾ താൽക്കാലികമായി ഒഴിവാക്കി ഉത്തരവ് പുറത്തിറക്കി.
ഇന്ന് മുതലാണ് ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. കൂടാതെ രാജ്യത്ത് യുദ്ധ പശ്‌ചാത്തലത്തിൽ പട്ടാള നിയമം നിലനിൽക്കുന്നിടത്തോളം ഈ ഇളവുകൾ തുടരുകയും ചെയ്യും. റഷ്യ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ രാജ്യത്തെ സംഘട്ടന പാടവമുള്ള തടവുപുള്ളികളെ യുദ്ധമുഖത്തിറക്കാൻ കഴിഞ്ഞ ദിവസം സെലൻസ്‌കി ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വിദേശ പൗരൻമാരെയും ക്ഷണിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.
ധാർമ്മികമായി ബുദ്ധിമുട്ടുള്ള തീരുമാനമെങ്കിലും, രാജ്യത്തിന്റെ പ്രതിരോധത്തിന് ഇത് അനിവാര്യമാണെന്ന് വ്യക്‌തമാക്കിയാണ് സെലെൻസ്‌കി തടവ് പുള്ളികളെ യുദ്ധമുഖത്തിറക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. കൂടാതെ യുക്രൈനിലെ പൊതുജനങ്ങൾ ഇതിനോടകം തന്നെ റഷ്യയെ പ്രതിരോധിക്കുന്നതിനായി യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്നിട്ടുണ്ട്. സ്‌ത്രീകൾ ഉൾപ്പടെ ഉള്ളവരാണ് സൈന്യത്തിനൊപ്പം ചേർന്നത്. അതേസമയം നിലവിൽ രാജ്യതലസ്‌ഥാനമായ കീവിലേക്ക് റഷ്യൻ സൈന്യം അടുത്തു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കീവിലുള്ള ഇന്ത്യക്കാർ ഉടൻ തന്നെ മറ്റ് സ്‌ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; യുപി സർക്കാരിന്റെ വിശദീകരണം തേടി കോടതി







































