കീവ്: യുക്രൈനിലുള്ള റഷ്യയുടെയും, റഷ്യൻ പൗരൻമാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനം. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് അധികാരം നൽകുന്ന നിയമത്തിന് യുക്രൈൻ പാർലമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ യുക്രൈനിൽ തുടരുന്ന അധിനിവേശത്തിൽ നിന്ന് പിൻമാറാനോ സൈന്യത്തെ പിൻവലിക്കാനോ തയ്യാറല്ലെന്ന നിലപാടിലാണ് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ.
യുക്രൈനിലെ ലക്ഷ്യങ്ങളെല്ലാം എന്ത് വില കൊടുത്തും നേടുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്‍ വ്യക്‌തമാക്കി. നിലവിൽ യുക്രൈന്റെ തെക്കൻ തുറമുഖ നഗരമായ ഖേഴ്‌സൺ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഇവിടെ റഷ്യൻ സൈന്യം പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയതായി പ്രദേശവാസികൾ വ്യക്‌തമാക്കിയിട്ടുണ്ട്. റഷ്യന്‍ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാന്‍ പാടില്ല, വാഹനം വേഗത്തില്‍ ഓടിക്കാന്‍ പാടില്ല, സൈന്യം ആവശ്യപ്പെട്ടാല്‍ വാഹനം പരിശോധനയ്‌ക്ക് നല്‍കണം എന്നിവയാണ് പുതിയ നിയമങ്ങള്‍.
ഇന്ന് ഭക്ഷണത്തിനും മറ്റുമായി പുറത്തിറങ്ങാൻ സാധിച്ചെങ്കിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇപ്പോഴും പോരാട്ട ശബ്‌ദം കേൾക്കുന്നുണ്ടെന്ന് ഖേഴ്‌സൺ പ്രദേശവാസി വ്യക്‌തമാക്കി. അതേസമയം യുക്രൈനിലുണ്ടായ എല്ലാ നാശനഷ്‌ടങ്ങൾക്കും നഷ്‌ടപരിഹാരം നൽകുമെന്നും, എല്ലാ നഗരങ്ങളും തെരുവുകളും വീടുകളും പുനഃസ്‌ഥാപിക്കുമെന്നും യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി അറിയിച്ചു.
Read also: വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് വണ്ടർലാ യാത്ര ഒരുക്കി കെഎസ്ആർടിസി