കീവ്: റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ കൂടുതൽ ശക്‌തിയോടെ യുദ്ധമുഖത്തെത്താൻ തീരുമാനിച്ച് യുക്രൈൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ സംഘട്ടന പരിചയമുള്ള തടവുപുള്ളികളെ രംഗത്തിറക്കാൻ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ഉത്തരവിടുകയും ചെയ്‌തു. ധാർമ്മികമായി ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും, രാജ്യത്തിന്റെ പ്രതിരോധത്തിന് ഇത് അനിവാര്യമാണെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്.
ജയിൽപുള്ളികൾ നിലവിൽ പോരാടാൻ പ്രാപ്‌തരാണെന്നും, പ്രതിരോധമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് റഷ്യൻ സേന അധിനിവേശം നടത്താൻ തുടങ്ങിയത് മുതൽ നിരവധി സാധാരണക്കാരും യുക്രൈൻ സേനയുടെ ഭാഗമായി രാജ്യത്തിന് വേണ്ടി പോരാടാൻ മുന്നോട്ട് വന്നിരുന്നു. സ്‌ത്രീകൾ ഉൾപ്പടെയുള്ളവരാണ് സേനയുടെ ഭാഗമായത്. ഇതിൽ പ്രശസ്‌തരായ നിരവധി ആളുകളും ഉൾപ്പെടുന്നുണ്ട്.
അതിന് പിന്നാലെയാണ് ഇപ്പോൾ തടവുകാരെയും യുദ്ധമുഖത്തിറക്കാൻ യുക്രൈൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം യുദ്ധം നീണ്ടുപോയാൽ വരും ദിവസങ്ങളിൽ യുക്രൈന് സൈനിക സഹായം നൽകുമെന്ന് യൂറോപ്യൻ യൂണിൻ അറിയിച്ചു. കൂടാതെ റഷ്യ-യുക്രൈൻ പ്രതിനിധി സംഘങ്ങളുടെ ചർച്ച ബെലാറൂസിൽ അവസാനിച്ചു. മൂന്ന് മണിക്കൂറോളമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ച നീണ്ടത്.
Read also: യുക്രൈന് മരുന്ന് ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കുമെന്ന് ഇന്ത്യ







































