കീവ്: റഷ്യ വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ സുമിയിൽ കുടുങ്ങിയ ജനങ്ങളെ പുറത്തെത്തിച്ചതായി യുക്രൈൻ. രക്ഷാപ്രവർത്തനത്തിലൂടെ വടക്കുകിഴക്കൻ നഗരമായ സുമിയിൽ നിന്നും സുരക്ഷിത പാതയിലൂടെ 5000ത്തോളം പേരെ ഒഴിപ്പിച്ചതായാണ് യുക്രൈൻ വ്യക്തമാക്കിയത്. യുക്രൈൻ ആദ്യമായാണ് ഇത്രയധികം ആളുകളെ ഒരുമിച്ച് യുദ്ധമുഖത്ത് നിന്നും രക്ഷപെടുത്തുന്നത്.
റഷ്യ നിലവിൽ മൂന്നാം തവണ സുമിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് ജനങ്ങളെ ഒഴിപ്പിക്കാൻ സാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക സൈനിക ആക്രമണമാണ് സുമിയിൽ നടന്നത്. തിങ്കളാഴ്ച മാത്രം 3 കുട്ടികൾ ഉൾപ്പടെ 22 പേർ സുമിയിൽ കൊല്ലപ്പെട്ടു. നിലവിൽ സുമി, കീവ്, ഖാർകീവ്, ചെർണിവ്, മരിയുപോൾ എന്നിവിടങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം റഷ്യ-യുക്രൈൻ യുദ്ധം 14ആം ദിവസമായപ്പോൾ അഭയാർഥികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ യുക്രൈനിൽ നിന്നും 20 ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നത്.
Read also: മാവോയിസ്റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു







































