കീവ്: സംഘർഷം തുടരുന്നതിനിടെ യുക്രൈനും റഷ്യയും തമ്മിൽ സമാധാന ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി തുർക്കിയിലെ ഇസ്‌തംബൂളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് ആഴ്‌ചകൾക്ക് ശേഷമാണ് യുക്രൈനും റഷ്യയും തമ്മിൽ ചർച്ചയ്‌ക്ക് വീണ്ടും വഴിതെളിയുന്നത്.
50 ദിവസത്തിനുള്ളിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൽ നിന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന് മേൽ സമ്മർദ്ദം ശക്‌തമാകുന്നതിനിടെയാണ് ചർച്ച സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം, യുക്രൈനും റഷ്യയും പരസ്‌പരം ഡ്രോണാക്രമണം ശക്‌തമാക്കി.
426 ഡ്രോണുകളും 24 മിസൈലുകളും ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കുട്ടി ഉൾപ്പടെ 15 പേർക്ക് പരിക്കേറ്റു. റഷ്യയുടെ ഡ്രോണുകളിൽ പകുതിയോളം ലക്ഷ്യം കാണും മുൻപ് യുക്രൈൻ സൈന്യം തകർത്തു. റഷ്യയോട് യുദ്ധം ചെയ്യാനായി നാറ്റോ വഴി യുക്രൈന് ആയുധങ്ങൾ നൽകാമെന്ന യുഎസ് വാഗ്‌ദാനം ചർച്ച ചെയ്യാൻ യൂറോപ്യൻ നേതാക്കൾ യോഗം ചേരാനിരിക്കെയാണ് റഷ്യ ആക്രമണം ശക്‌തമാക്കിയത്.
സുമി മേഖലയിലെ സ്വെസ്‌ക ഗ്രാമത്തിൽ 78 വയസുള്ള സ്‌ത്രീ റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റിടങ്ങളിലായി ആറുപേർ കൊല്ലപ്പെട്ടു. യുക്രൈൻ നടത്തിയ ഡ്രോണാക്രമണങ്ങളിൽ ഏറെയും മോസ്‌കോയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. വിമാന സർവീസുകൾ താറുമാറായി. കിഴക്കൻ യുക്രൈനിലെ ഡോണെട്‌സ്‌കിലുള്ള ബില ഹോറ ഗ്രാമം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!