കീവ്: ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യുഎസും യുക്രൈനും. വാഷിങ്‌ടണിൽ വെച്ച് ധാതുകരാറിൽ ആണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാനാണ് ധാരണ. ലാഭത്തിന്റെ 50% അമേരിക്കയുമായി പങ്കുവയ്‌ക്കും. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
സെലൻസ്‌കി ഭരണകൂടത്തിനുള്ള സൈനിക സഹായം നിർത്തലാക്കിയതിന് പിന്നാലെ യുഎസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങളാണ് ഒടുവിൽ യുക്രൈനിന് അംഗീകരിക്കേണ്ടി വന്നിരിക്കുന്നത്. യുക്രൈനിനോടുള്ള യുഎസിന്റെ പ്രതിബദ്ധത ഇനിമുതൽ പുതിയ രൂപത്തിലായിരിക്കണമെന്നാണ് കരാറിനെ കുറിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
നേരത്തെ വൈറ്റ് ഹൗസിൽ വെച്ച് ധാതുകരാറിൽ ഒപ്പുവയ്‌ക്കാൻ എത്തിയ യുക്രൈൻ പ്രസിഡണ്ട് വൊളോഡിമർ സെലൻസ്‌കി, ട്രംപുമായുള്ള വാക്കുതർക്കത്തെ തുടർന്ന് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിരുന്നു. യുക്രൈനിന്റെ ആകെ ധാതുസമ്പത്തിന്റെ 50% യുഎസിന് വേണമെന്നാണ് ട്രംപ് മുന്നോട്ടുവെച്ച കരാർ.
2022ലെ റഷ്യയുടെ അധിനിവേശത്തിന് ശേഷം യുക്രൈനിന് അമേരിക്ക സഹായം നൽകിയിരുന്നു. 72 ബില്യൺ ഡോളർ സഹായം നൽകിയെന്നാണ് റിപ്പോർട്. എന്നാൽ, സെലൻസ്‌കിയുമായി വാക്കുതർക്കം ഉണ്ടായതോടെ യുക്രൈനുള്ള എല്ലാ സൈനിക സഹായവും അമേരിക്ക നിർത്തലാക്കിയിരുന്നു. പിന്നീട് സെലൻസ്‌കി ക്ഷമ ചോദിച്ചെന്നും സഹായം പുനഃസ്‌ഥാപിച്ചെന്നുമാണ് അമേരിക്ക അവകാശപ്പെട്ടത്.
അതിനിടെ, റഷ്യ-യുക്രൈൻ വെടിനിർത്തലിന് അമേരിക്കയുടെ മധ്യസ്‌ഥതയിൽ ചർച്ചകൾ നടക്കുകയാണ്. മൂന്നുവർഷത്തിലേറേയായി യുദ്ധം തുടരുന്ന യുക്രൈനിന്റെ ഭൂമേഖലയുടെ ഏകദേശം 20 ശതമാനം റഷ്യ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുദ്ധത്തിൽ ഇതിനോടകം പതിനായിരത്തോളം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ധാതുകരാർ ഒപ്പിട്ടതിന് പിന്നാലെ റഷ്യയ്‌ക്ക് മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തി. യുക്രൈനിന് ശാശ്വതമായ സമാധാനത്തിനും ദീർഘകാലാടിസ്‌ഥാനത്തിൽ പരമാധികാരമുള്ള ഭരണകൂടം സ്‌ഥാപിക്കാനും യുഎസ് പ്രതിജ്‌ഞാബദ്ധമാണെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. യുക്രൈനിന് സമാധാനവും സ്വാതന്ത്ര്യവും പുനഃസ്‌ഥാപിക്കാൻ ട്രംപ് ഭരണകൂടം തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി