കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎ അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ഡോക്‌ടർമാർ. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസ തുടരുകയാണ്. ആന്തരിക രക്‌തസ്രാവം കൂടിയിട്ടില്ല. ശ്വാസകോശത്തിലെ ചതവുകൾ കൂടിയിട്ടുണ്ട്.
തലയിലെ മുറിവിൽ നിന്ന് ധാരാളം രക്‌തം നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ നടത്തിയ സിടി സ്‌കാനിൽ തലയുടെ പരിക്ക് കൂടുതൽ ഗുരുതരമായിട്ടില്ലെന്ന് കണ്ടെത്തി. അതേസമയം, ശ്വാസകോശത്തിനേറ്റ ചതവും അവിടെ രക്‌തം കെട്ടിക്കിടക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്. ശ്വാസകോശത്തിനേറ്റ ചതവ് ഭേദമായാൽ മാത്രമേ ശരീരത്തിലെ മറ്റ് അവയവങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കൂ എന്ന് ഡോക്‌ടർമാർ പറഞ്ഞു.
ശ്വാസകോശത്തിന് വിശ്രമം അനുവദിക്കുന്നതിനും കൂടിയാണ് വെന്റിലേറ്റർ സൗകര്യം ഉപയോഗിക്കുന്നത്. വെന്റിലേറ്റർ മാറ്റി നോക്കുമെന്നും ഡോക്‌ടർമാർ പറഞ്ഞു. ശ്വാസകോശത്തിന്റെ ചതവ് ഭേദമാകുന്നതിനായി ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. വീഴ്‌ചയിൽ ശ്വാസകോശത്തിന് ചതവ് പറ്റുകയും മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള ചോര ശ്വാസകോശത്തിൽ എത്തുകയുമായിരുന്നു.
ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് കട്ടപിടിച്ചു കിടന്ന ചോര ഇന്നലെ നീക്കം ചെയ്‌തെന്ന് ഡോക്‌ടർമാർ പറഞ്ഞു. ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണഗതിയിലേക്ക് കൊണ്ടുവരികയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് ശരിയായാൽ മാത്രമേ തലച്ചോറിന്റെ പരിക്ക് അടക്കം പൂർണമായി ഭേദമാകൂ എന്നും ഡോക്‌ടർമാർ പറഞ്ഞു.
വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെങ്കിലും ശരീരത്തിൽ ഗുരുതരമായ മറ്റു പരിക്കുകളൊന്നും സ്‌കാനിങ്ങിൽ കണ്ടെത്തിയിട്ടില്ല. അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻതന്നെ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്‌ധരെ അടക്കം സർക്കാർ കൊച്ചിയിലെ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്‌തിരുന്നു.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നർത്തകിയും സിനിമാ താരവുമായ ദിവ്യ ഉണ്ണി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്ക് എത്തിയതായിരുന്നു എംഎൽഎ. കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ 12,000 പേർ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റു വിഐപികളും ഇരിക്കുന്നുണ്ടായിരുന്നു. അവിടേക്ക് നടന്ന് വന്നപ്പോഴാണ് എംഎൽഎ താഴെ വീണത്. കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം