കൊച്ചി: ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ സംഘാടകർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ‘മൃദംഗനാദം’ എന്ന പേരിൽ കൊച്ചിയിലെ ഹലൂർ സ്‌റ്റേഡിയത്തിൽ നടന്ന ഭരതനാട്യ പരിപാടിയുടെ സംഘാടകരായ ‘മൃദംഗവിഷൻ’ എംഡി വയനാട് മേപ്പാടി സ്വദേശി എം നിഗോഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി നാളെ പരിഗണിച്ചേക്കും. അതിനിടെ, പരിപാടിയുടെ നടത്തിപ്പുകാരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഉടമയെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉമാ തോമസിന് അപകടമുണ്ടായതിന് പിന്നാലെ പാലാരിവട്ടം പോലീസ് സംഘാടകർക്കും പരിപാടിയുടെ നടത്തിപ്പുകാർക്കുമെതിരെ കേസെടുത്തിരുന്നു.
മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന പ്രവർത്തി, കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സംഘാടകർ പറയുന്നു. എല്ലാ സുരക്ഷയും മുൻകരുതലും സ്വീകരിച്ചുവെന്നും നിഗോഷ് കുമാർ പറയുന്നു.
പരിപാടിയുടെ നടത്തിപ്പുകാരായ ഇവന്റ് മാനേജ്‍മെന്റ് കമ്മിറ്റിക്കെതിരെയും കേസുണ്ട്. ഇതിന്റെ ഉടമകളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നർത്തകിയും സിനിമാ താരവുമായ ദിവ്യ ഉണ്ണി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്ക് എത്തിയതായിരുന്നു എംഎൽഎ. കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ 12,000 പേർ ഒന്നിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി.
ഉമാ തോമസ് എംഎൽഎയുടെ മണ്ഡലത്തിലാണ് സ്‌റ്റേഡിയം ഉൾപ്പെടുന്ന പ്രദേശം. വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റു വിഐപികളും ഇരിക്കുന്നുണ്ടായിരുന്നു. അവിടേക്ക് നടന്ന് വന്നപ്പോഴാണ് എംഎൽഎ താഴെ വീണത്. കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് ഇതുവരെ അപകടനില തരണം ചെയ്‌തിട്ടില്ല.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം