കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സർക്കാരിന് വൻ തിരിച്ചടി. മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. ഭൂമി വഖഫ് എന്ന് വഖഫ് ബോർഡ് വ്യക്‌തമാക്കിയതാണെന്നും ഈ സാഹചര്യത്തിൽ വിഷയം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്‌തമാക്കിയാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വഖഫ് വിഷയത്തിൽ വഖഫ് സംരക്ഷണ വേദി നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി. ഇതോടെ മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷൻ അസാധുവായി.
വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങൾ നഷ്‌ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്‌ക്കാൻ പോലും സാധിക്കാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. മൽസ്യത്തൊഴിലാളികൾ ഉൾപ്പടെ സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങൾ എപ്പോൾ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി