തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണിക്കൃഷ്‌ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളികളാണ്. ദേവസ്വം രേഖകളിലും അതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് സ്വർണം പൂശിയിരുന്നോ എന്ന് തനിക്കറിയില്ലെന്നും സ്വർണപ്പാളി പ്രദർശന വസ്‌തുവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് തന്ന രേഖകളിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹസറിലും അതാണ് രേഖപ്പെടുത്തിയത്. എനിക്ക് തന്നിരിക്കുന്ന സാധനത്തെ അടിസ്‌ഥാനപ്പെടുത്തിയല്ലേ എനിക്ക് പറയാൻ സാധിക്കൂ. ഗോൾഡ് ഉണ്ടായിരുന്നു എന്ന് ഞാൻ അറിയുന്നത് ഈ സമയത്താണ്.
സ്വർണം നഷ്‌ടപ്പെട്ടത് കൊണ്ടോ കാലഹരണപ്പെട്ടതു കൊണ്ടോ ആയിരിക്കാം ദേവസ്വം സ്വർണം പൂശാൻ തീരുമാനമെടുത്തിരിക്കുന്നത്. അതൊക്കെ എനിക്ക് പറയാൻ പറ്റുന്ന കാര്യമല്ല. എനിക്ക് തന്നിരിക്കുന്ന കത്തിനകത്ത് ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഉണ്ണിക്കൃഷ്‌ണൻ പോറ്റി പറഞ്ഞു.
അറ്റകുറ്റപ്പണിക്ക് കമ്പനിക്ക് നൽകാൻ കുറച്ച് കാലതാമസം വന്നു. ഞാൻ ബെംഗളൂരുവിലാണ് താമസിക്കുന്നത്. കമ്പനി ചെന്നൈയിലാണ്. അവിടേക്ക് എത്തിക്കാനുള്ള കാലതാമസമാണ് ഉണ്ടായത്. അത് ഇപ്പോൾ പറയുന്ന പോലെ 39 ദിവസമൊന്നുമില്ല. ഒരാഴ്‌ച സമയം മാത്രമേ എടുത്തിട്ടുള്ളൂ. ഞാൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടേ.
വാതിൽപ്പാളി നിർമിച്ചശേഷം ചെന്നൈയിൽ തന്നെ പൂജ നടത്തി. പോകും വഴി വിശ്രമിക്കാനാണ് നടൻ ജയറാമിന്റെ വീട്ടിൽ കയറിയത്. ജയറാമിൽ നിന്ന് എന്തെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കിൽ അദ്ദേഹം പറയട്ടെ. ശബരിമലയിലേക്ക് പുതിയ വാതിൽ നിർമിച്ച് സമർപ്പിക്കുന്നതിന് മുൻപ് കുറച്ച് ഭക്‌തർക്ക് കാണാൻ അവസരം നൽകി. അതിൽ തെറ്റുണ്ടോ എന്ന് അറിയില്ല.
ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. അത് സമർപ്പിക്കുമ്പോൾ മാത്രമാണ് ദേവന്റേതാകുന്നത്. അതിന് മുൻപ് ബെംഗളൂരുവിലും ഇടമ്പള്ളി ക്ഷേത്രത്തിലും കൊണ്ടുപോയിരുന്നു. ആഘോഷമായിട്ടാണ് അന്ന് പരിപാടികൾ നടത്തിയതെന്നും ഉണ്ണിക്കൃഷ്‌ണൻ പോറ്റി പറഞ്ഞു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്