ലഖ്‌നൗ: യുപിയിൽ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ കര്‍ഷകരെ തള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. തന്റെ മകനല്ല വണ്ടി ഓടിച്ചതെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നുമാണ് അജയ് മിശ്ര പറയുന്നത്. എന്നാൽ മന്ത്രിയുടെ മകന്‍ അമിത് മിശ്ര മനഃപൂർവം വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
കർഷകരുടെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. അജയ് മിശ്രയെ മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ട നാല് പേര്‍ സമരത്തിന് എത്തിയ കര്‍ഷകരും നാല് പേര്‍ കാറിൽ ഉണ്ടായിരുന്നവർ ആണെന്നുമാണ് ലഖിംപൂര്‍ എഎസ്‌പി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജ്യ മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ പ്രതിഷേധമായി എത്തുകയായിരുന്നു. പിന്നാലെ പരിപാടി സ്‌ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. യുപി തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംഭവമെന്നത് ബിജെപിക്ക് തിരിച്ചടി ആയേക്കുമെന്നാണ് റിപ്പോർട്.
Read also: വാഹനം ഇടിച്ചുകയറ്റിയത് മനഃപൂർവം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം