ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിൽ 50 വയസുകാരി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അംഗത്തിന്റെ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട വനിതാ കമ്മീഷൻ അംഗത്തിന് ഈ മനോഭാവത്തോടെ എങ്ങനെ പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രിയങ്ക ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രിയങ്കയുടെ വിമർശനം.
സ്‌ത്രീകൾ രാത്രിയിൽ പുറത്തിറങ്ങാതിരുന്നാൽ പീഡനം ഒഴിവാക്കാമെന്നായിരുന്നു ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖിയുടെ വിവാദ പരാമർശം. കൊല്ലപ്പെട്ട സ്‌ത്രീയുടെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു വനിതാ കമ്മീഷൻ അംഗത്തിന്റെ അഭിപ്രായപ്രകടനം. ഇത് വിവാദമായതോടെ ചന്ദ്രമുഖിയുടെ പരാമർശത്തെ കുറിച്ച് അറിയില്ലെന്നും സ്‌ത്രീകൾക്ക് പുറത്തിറങ്ങുന്നതിന് പ്രത്യേക സമയമില്ലെന്നും അഭിപ്രായപ്പെട്ട് കമ്മീഷൻ അധ്യക്ഷ രേഖ ശർമ രംഗത്തുവന്നിരുന്നു.
ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് 50 വയസുകാരിയായ അംഗൻവാടി ടീച്ചർ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തിൽ പോയി മടങ്ങുന്ന വഴി പൂജാരിയടക്കമുള്ള സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പുദണ്ഡുകൊണ്ട് പരിക്കേറ്റെന്നും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പോലീസ് പറഞ്ഞിരുന്നു.
അതേസമയം, സംഭവത്തിലെ മുഖ്യപ്രതിയായ ക്ഷേത്ര പൂജാരിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസ് എടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ സമീപ ഗ്രാമത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Read also: വാക്‌സിൻ ആദ്യം മോദി സ്വീകരിക്കട്ടെ, പിന്നീട് ഞങ്ങൾ പിന്തുടരാം; തേജ് പ്രതാപ് യാദവ്