ഊട്ടി: സൈനിക ഹെലികോപ്‌ടർ തകർന്നുവീണുണ്ടായ അപകടത്തിൽ സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആശങ്കപ്രകടിപ്പിച്ച് വിവിധ രാഷ്‌ട്രീയ നേതാക്കള്‍. റാവത്ത് സുരക്ഷിതനാണെന്ന് കരുതുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. അപകട വിവരം അറിഞ്ഞുപ്പോള്‍ ഞെട്ടിപ്പോയെന്നും ഹെലികോപ്‌ടറില്‍ ഉണ്ടായിരുന്നവര്‍ക്കായി പ്രാർഥിക്കുന്നതായും അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.
ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്‌ടര്‍ അപകടത്തില്‍പ്പെട്ടതായി വാര്‍ത്ത ലഭിച്ചെന്നും സുരക്ഷിതരായിരിക്കാന്‍ പ്രാർഥിക്കുന്നു എന്നുമായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം.
കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലെ വെല്ലിങ്‌ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്. ഇന്ത്യൻ വ്യോമസേനയുടെ എഫ്‌എംഐ- 17V എന്ന ഹെലികോപ്‌ടറിൽ ആയിരുന്നു യാത്ര. യാത്രാമധ്യേ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്ന കുന്നിൻ ചെരിവാണ് ഈ മേഖല.
ലാൻഡിങ്ങിന് 10 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്. തകർന്നയുടൻ തന്നെ ഹെലികോപ്‌ടർ കത്തിയമർന്നു. ഏകദേശം ഒന്നര മണിക്കൂർ സമയമെടുത്താണ് തീ അണക്കാൻ കഴിഞ്ഞതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വിവിധ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ഡെൽഹിയിൽ നിന്ന് ബിപിൻ റാവത്ത് അടക്കം ഒൻപത് പേരടങ്ങുന്ന സംഘമാണ് തമിഴ്‌നാട്ടിൽ എത്തിയത്. പിന്നീട് സുലൂരിൽ നിന്ന് അഞ്ച് പേർ കൂടി കയറി. റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലെഫ്‌റ്റനന്റ് കേണൽ ഹർജിന്ദർ സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവിൽദാർ സത്‌പാൽ എന്നിവരും ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നു.
Read also: ചുവപ്പ് മാറ്റത്തിന്റെയും വിപ്ളവത്തിന്റെയും നിറം; അഖിലേഷ് യാദവ്