ന്യൂയോർക്: ഇന്ത്യൻ സർക്കാർ ഉദ്യോഗസ്‌ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിൽ യുഎസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്‌റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്‌തു.
ഇതോടെ അദാനി ഗ്രൂപ്പ് ഓഹരികൾ നേരിടുന്നത് കനത്ത വിൽപന സമ്മർദ്ദം. വ്യാപാരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഒട്ടുമിക്ക അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളും തകർന്നടിഞ്ഞു. ഓഹരി വിപണിയില്‍ ഇന്ന് സെൻസെക്‌സും നിഫ്റ്റിയും വൻ നഷ്‌ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
20 വര്‍ഷത്തിനുള്ളില്‍ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ കരാറുകൾ നേടുന്നതിന് അദാനിയും കൂട്ടരും 250 മില്യൺ യുഎസ് ഡോളറിലധികം കൈക്കൂലി നൽകി, ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപ തട്ടിപ്പ് നടത്തി എന്നിവയാണ് അദാനിക്കെതിരെയുള്ള ആരോപണങ്ങള്‍. ഇതിനുപിന്നാലെയാണ് ഓഹരി വിപണിയില്‍ അദാനി കമ്പനികള്‍ കനത്ത നഷ്‌ടം നേരിട്ടത്.
ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസ് 10% കൂപ്പുകുത്തി. അദാനി എനർജി സൊല്യൂഷൻസ് 20% ഇടിഞ്ഞു. അദാനി ഗ്രീൻ എനർജി 18.54%, അദാനി പവർ 15.86%, അദാനി ടോട്ടൽ ഗ്യാസ് 18.15%, അംബുജ സിമന്റ് 15%, അദാനി പോർട്‌സ് 10%, അദാനി വിൽമർ 8.30%, എസിസി 12.04% എന്നിങ്ങനെ തകർച്ചയിലാണ്. എൻഡിടിവിയും 10% നിലംപൊത്തി.
കൈക്കൂലിക്ക് ഇടനിലനിന്നവർ ഗൗതം അദാനിയെ ‘ദ് ബിഗ് മാൻ’, ‘ന്യൂമെറോ യൂനോ’ എന്നിങ്ങനെ കോഡ് നാമങ്ങളിലാണ് ഇടപാടുകളിൽ വിശേഷിപ്പിച്ചിരുന്നതെന്നും യുഎസ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. കരാർ ലഭിക്കാൻ ഇന്ത്യാ സർക്കാരിലെ ഉന്നതരുമായി ഗൗതം അദാനി നേരിട്ട് ബന്ധപ്പെട്ടുവെന്നും കുറ്റപത്രത്തിലുണ്ട്. കൈക്കൂലി നൽകിയതിന് മൊബൈൽഫോൺ രേഖകൾ, പവർപോയിന്റ്, എക്‌സൽ ഫയലുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടെ വ്യക്‌തമായ തെളിവുകളുണ്ടെന്നും യുഎസ് ജസ്‌റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്‌തമാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിന് ഗൗതം അദാനി ആശംസകൾ നേരുകയും യുഎസിൽ ഊർജ, അടിസ്‌ഥാസൗകര്യ വികസന മേഖലകളിൽ അദാനി ഗ്രൂപ്പ് 10 ബില്യൺ ഡോളർ (ഏകദേശം 84,400 കോടി രൂപ) നിക്ഷേപിക്കുമെന്നും ഇതുവഴി 15,000 പുതിയ തൊഴിലുകൾ സൃഷ്‌ടിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് അഴിമതിക്കേസ് ഉയർന്നതെന്നത് ശ്രദ്ധേയമാണ്. കൈക്കൂലിക്കേസിന് പിന്നാലെ യുഎസിൽ അദാനി ഗ്രൂപ്പിന്റെ ബോണ്ടുകളുടെ വില കുത്തനെ ഇടിഞ്ഞു. കൂടുതൽ കടപ്രത്രങ്ങളിറക്കി യുഎസിൽ നിന്ന് മൂലധന സമാഹരണം നടത്താനുള്ള നീക്കവും അദാനി ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
CONFIDENCE | കിളിമഞ്ചാരോ കീഴടക്കി ഇന്ത്യയുടെ അഞ്ച് വയസുകാരൻ