ന്യൂഡെൽഹി: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്‌ഥാപിച്ചു.
സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി ഒഴിവാക്കിയതിൽ കേരള ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് വ്യക്‌തമാക്കിയ സുപ്രീം കോടതി, രാജുവിനെതിരായ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തിൽ ക്രിമിനൽ കേസ് നിലനിൽക്കുമെന്നും വിചാരണ ഒരുവർഷത്തിനകം പൂർത്തിയാക്കാനുമാണ് ജഡ്‌ജിമാരായ സിടി രവികുമാർ, സഞ്‌ജയ് കാരോൾ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
അതേസമയം, നടപടിക്രമം പാലിച്ച് വീണ്ടും അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിൽ പിഴവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹരജിക്കാരിൽ ഒരാളായ മാദ്ധ്യമപ്രവർത്തകൻ എംആർ അജയന് കേസുമായി ബന്ധമില്ലെന്ന ആന്റണി രാജുവിന്റെ വാദം കോടതി തള്ളി. ആന്റണി രാജുവിനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി തള്ളിയതുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേകാനുമതി ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്‌ക്ക് വന്നത്.
നടപടിക്രമം പാലിച്ച് കേസിൽ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിലെ ഭാഗമാണ് ആന്റണി രാജു ചോദ്യം ചെയ്‌തത്. എന്നാൽ, സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരെ നേരത്തെ നിലനിന്ന ക്രിമിനൽ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ ഭാഗമാണ് എംആർ അജയൻ ചോദ്യം ചെയ്‌തത്.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!