വാഷിങ്ടൻ: ഇസ്രയേലിന്റെ സമ്മർദ്ദത്തിന് പിന്നാലെ ഇറാനെതിരെ കളത്തിലിറങ്ങി യുഎസ്. ഇറാനിലെ ആണവനിലയങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തി. ഫോർദോ, നതാൻസ്, ഇസ്‌ഫാൻ ആണവ നിലയങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാൻ-ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തിൽ പങ്കാളിയാകുന്നത്.
ഇറാന്റെ ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ജിബിയു-57 ബങ്കർ ബാസ്‌റ്റർ ബോംബുകളുമായി ബി-2 സ്‌റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഗുവാം ദ്വീപിൽ നിന്നാണ് അമേരിക്കൻ വിമാനങ്ങൾ പുറപ്പെട്ടത്. ബി-2 സ്‌റ്റെൽത്ത് ബോംബർ വിമാനങ്ങൾ യുഎസിലെ മിസോറിയിലുള്ള വൈറ്റ്‌മാൻ വ്യോമസേനാ താവളത്തിൽ നിന്ന് പസഫിക് ദ്വീപായ ഗ്വാമിലേക്ക് നീങ്ങിയതോടെ ഏത് സമയവും ആക്രമണം ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്‌ചയ്‌ക്കകം തീരുമാനം എടുക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കിയിരുന്നു. ”മൂന്ന് ആണവനിലയങ്ങളിൽ വിജയകരമായി ആക്രമണം നടത്തി. ഫോർദോ, നതാൻസ്, ഇസ്‌ഫാൻ എന്നീ ആണവനിലയങ്ങളിലാണ് ആക്രമണം നടത്തിയത്. എല്ലാ വിമാനങ്ങളും ആക്രമണത്തിന് ശേഷം ഇറാന്റെ വ്യോമപരിധിയിൽ നിന്ന് പുറത്തെത്തി. അമേരിക്കൻ സൈനികരെ അഭിനന്ദിക്കുന്നു. ലോകത്തിലെ മറ്റൊരു രാജ്യത്തിലെ സൈന്യത്തിനും ഇത് ചെയ്യാനാകില്ല. ഇനി സമാധാനത്തിന്റെ സമയമാണ്”- ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ പറഞ്ഞു.
ആക്രമിച്ചാൽ സ്‌ഥിതിഗതികൾ ഗുരുതരമാകുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതോടെ യുദ്ധത്തിന്റെ രൂപംതന്നെ മാറിയേക്കും. ഇറാനിലെ ഇസ്‌ഫഹാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആണവനിലയത്തിന് കേടുപറ്റി. രണ്ടാംതവണയാണ് ഈ ആണവകേന്ദ്രത്തിൽ ബോംബിടുന്നത്. ഇറാൻ സേനയിലെ മുതിർന്ന കമാൻഡറായ സഈദ് ഇസാദി കൊല്ലപ്പെട്ടു.
അതിനിടെ, ഇസ്രയേലിലേക്ക് ബാലിസ്‌റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ തുടർന്നു. ടെൽ അവീവിൽ അടക്കം ഇസ്രയേൽ നഗരങ്ങളിൽ രാത്രി പലവട്ടം മുന്നറിയിപ്പ് സൈറൺ മുഴങ്ങി. റവല്യൂഷണറി ഗാർഡിന്റെ (ഐആർജിസി) ഭാഗമായ കുദ്‌സ് ഫോഴ്‌സിലെ പലസ്‌തീൻ കോറിന്റെ മേധാവിയായ ഇസാദിയും ഭാര്യയും ഇറാൻ നഗരമായ ഖുമിൽ പാർപ്പിട സമുച്ചയത്തിലെ ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
കുദ്‌സ് ഫോഴ്‌സിലെ ആയുധവിഭാഗം കമാൻഡറായ ബഹ്‌നം ബഹ്‌രയാരിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായും ഇസ്രയേൽ പറഞ്ഞു. അതേസമയം, യുഎസ് അപകടകരമായ സംഘർഷം സൃഷ്‌ടിക്കുകയാണെന്ന് യുഎസ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ലോകത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഇത് ഉണ്ടാക്കും. സൈനിക നടപടിയിലൂടെ അല്ല മറിച്ചു നയതന്ത്ര മാർഗത്തിലൂടെയാണ് വിഷയം പരിഹരിക്കേണ്ടത്. ഏക പ്രതീക്ഷ സമാധാനമാണെന്നും ഗുട്ടെറസ് പറഞ്ഞു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!