വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച വാക്കേറ്റത്തിൽ കലാശിച്ചതിന് പിന്നാലെ, യുക്രൈനുള്ള എല്ലാ സൈനിക സഹായവും യുഎസ് നിർത്തലാക്കി. ചർച്ച ഫലം കാണാത്തതിന് പിന്നാലെയാണ് യുഎസ് കടുത്ത നടപടി സ്വീകരിച്ചത്.
സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് ട്രംപ് നിർദ്ദേശിച്ചു. ജോ ബൈഡൻ സർക്കാർ യുക്രൈനിന് 65 ബില്യൻ ഡോളർ സൈനിക സഹായമാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നാൽ, ട്രംപ് പുതിയ സഹായമൊന്നും അംഗീകരിച്ചിരുന്നില്ല.
യുഎസിന്റെ സഹായമില്ലാതെ യുദ്ധത്തിൽ റഷ്യയെ നേരിടാൻ യുക്രൈയിനിനെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും. ”സമാധാനത്തിന് വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന് ട്രംപ് വ്യക്‌തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തിൽ യുഎസിന്റെ പങ്കാളികളും ചേരണമെന്നാണ് ആഗ്രഹം”- വൈറ്റ് ഹൗസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. ഇക്കാര്യത്തിൽ സെലെൻസ്‌കിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുദ്ധം മതിയാക്കണമെന്ന് നിലപാടുള്ള ട്രംപ്, പരിഹാരത്തിനായി തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ഓവൽ ഓഫീസിലെ കൂടിക്കാഴ്‌ചയ്‌ക്കിടെ സെലെൻസ്‌കിയും ട്രംപും തമ്മിലുണ്ടായ വാക്കേറ്റവും അധിക്ഷേപവും ചർച്ചകളുടെ വഴിമുടക്കി. സൈനിക സഹായം മുടങ്ങുന്നതോടെ യുദ്ധത്തിൽ യുക്രൈൻ പ്രതിരോധത്തിലാകും.
Most Read| ചരക്ക് നീക്കത്തിൽ ഇന്ത്യയിൽ ഒന്നാമത്; ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം