വാഷിങ്ടൻ: ഇന്ത്യ-യുഎസ് തീരുവ യുദ്ധത്തിൽ അയവ് വരാൻ സാധ്യത. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി. അനന്ത നാഗേശ്വരൻ വ്യക്‌തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ വലിയ പുരോഗതി ഉണ്ടാകാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
വ്യാപാര മേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ”25% തീരുവയും അധികമായി ചുമത്തിയ 25% തീരുവയും പ്രതീക്ഷിച്ചിരുന്നില്ല. ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങളാകാം രണ്ടാമത്തെ തീരുവയ്‌ക്ക് കാരണമായത്. കഴിഞ്ഞ കുറച്ചു ആഴ്‌ചകളിലെ സംഭവവികാസങ്ങൾ പരിഗണിക്കുമ്പോൾ, നവംബർ 30ന് ശേഷം അധിക തീരുവ ഉണ്ടാകില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്”- വി. അനന്ത നാഗേശ്വരൻ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങൾക്ക് ഏകദേശം പത്ത് ആഴ്‌ചകൾക്കുള്ളിൽ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്ക് 50% തീരുവ ഏർപ്പെടുത്തിയത്. പുതിയ തീരുവ നിലവിൽ വന്നതോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായി.
ബ്രസീലിനും 50 ശതമാനമാണ് തീരുവ. ആദ്യം പ്രഖ്യാപിച്ച 25% അധിക തീരുവ ഓഗസ്‌റ്റ് ഏഴിനും പിന്നീട് പ്രഖ്യാപിച്ച 25% തീരുവ ഓഗസ്‌റ്റ് 27നുമാണ് നിലവിൽ വന്നത്. എന്നാൽ, ഇന്ത്യയേക്കാൾ റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്‌ക്ക് പിഴത്തീരുവ ചുമത്തിയിട്ടില്ല. അധിക തീരുവ ചുമത്തിയ ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി