വാഷിങ്ടൻ: താരിഫ് വിഷയത്തിൽ ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ വെട്ടികുറയ്‌ക്കാമെന്ന് ഇന്ത്യ വാഗ്‌ദാനം ചെയ്‌തതായും ട്രംപ് അവകാശപ്പെട്ടു.
പക്ഷേ, അത് ഏറെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ ടിയാൻജിനിൽ എസ്‌സിഒ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡണ്ടുമായും റഷ്യൻ പ്രസിഡണ്ടുമായും കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയതിനെ ന്യായീകരിച്ചാണ് ട്രംപ് ഇന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്‌ദാനം ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു.
”ഇന്ത്യ-യുഎസ് വ്യാപാരം ഞാൻ മനസിലാക്കുന്നതുപോലെ വളരെക്കുറച്ചു ആളുകൾക്കേ മനസിലാകൂ. അവർ നമ്മളുമായി വലിയതോതിൽ ബിസിനസ് ചെയ്യുന്നു. അവരുടെ ഉൽപ്പന്നങ്ങൾ വലിയതോതിൽ നമ്മൾക്ക് വിൽക്കുന്നു. പക്ഷേ, നമ്മൾ അവർക്ക് വളരെക്കുറച്ച് മാത്രമേ വിൽക്കുന്നുള്ളൂ. ഇതുവരെ അതൊരു ഏകപക്ഷീയമായ ബന്ധമാണ്.
മാത്രമല്ല, ഇന്ത്യ അവർക്ക് വേണ്ട എണ്ണയും സൈനിക ഉൽപ്പന്നങ്ങളും ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. യുഎസിൽ നിന്ന് അവർ വളരെക്കുറച്ച് മാത്രമേ വാങ്ങുന്നുള്ളൂ. ഇപ്പോൾ അവർ തീരുവകളെല്ലാം പൂർണമായും ഒഴിവാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പക്ഷേ, ഏറെ വൈകിപ്പോയി. വർഷങ്ങൾക്ക് മുൻപേ അവർ ഇങ്ങനെ ചെയ്യണമായിരുന്നു”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിട്ടുള്ളത്. റഷ്യയിൽ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് പിഴയായുള്ള 25 ശതമാനം ഉൾപ്പെടെയാണ് 50 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. അതേസമയം, യുഎസ് നടപടി ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി.
ഇതിന് പിന്നാലെയാണ് എസ്‌സിഒ ഉച്ചകോടിയിൽ ചൈനയുമായും റഷ്യയുമായുമുള്ള ബന്ധം ഇന്ത്യ ഊട്ടിയുറപ്പിച്ചത്. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ശേഷം, ഉച്ചകോടി വേദിയിൽ മോദി എത്തിയത് പുട്ടിനൊപ്പമാണ്. റഷ്യ-ചൈന-ഇന്ത്യ ബന്ധം കൂടുതൽ ദൃഢമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കെതിരെ ചുമത്തിയ തീരുവയെ ന്യായീകരിച്ച് ട്രംപ് രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി