വാഷിങ്ടൻ: ബംഗ്ളാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ രാജിയിൽ യുഎസിന് പങ്കുണ്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ലെന്നും, പുറത്തുവരുന്ന വാർത്തകൾ വസ്‌തുതാ വിരുദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
ബംഗ്ളാദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു. ”ബംഗ്ളാദേശ് കലാപത്തിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. ഈ സംഭവങ്ങളിൽ യുഎസ് സർക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണ്”- വൈറ്റ് ഹൗസ് വക്‌താവ് കരീൻ ജീൻ-പിയറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബംഗ്ളാദേശ് സർക്കാരിന്റെ ഭാവി നിർണയിക്കേണ്ടത് അവിടുത്തെ ജനതയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
തന്നെ പുറത്താക്കുന്നതിൽ യുഎസിന് പങ്കുണ്ടെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചതായി ചില ഇന്ത്യൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. തന്റെ അടുത്ത കൂട്ടുകാർ വഴിയാണ് ഹസീന ഇക്കാര്യം അറിയിച്ചതെന്നായിരുന്നു മാദ്ധ്യമങ്ങളുടെ വിശദീകരണം. എന്നാൽ, ഹസീന അത്തരമൊരു പ്രസ്‌താവന നടത്തിയിട്ടില്ലെന്ന വിശദീകണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.
1971ലെ ബംഗ്ളാദേശ് വിമോചന സമരത്തിൽ രക്‌തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് സർക്കാരിനെതിരെയുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു. പിന്നാലെയാണ് ഷെയ്ഖ് ഹസീന രാജിവെച്ചു ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്.
Most Read| വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളി കേരള ബാങ്ക്