തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടകൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ വായ്‌പകൾ എഴുതിത്തള്ളി കേരള ബാങ്ക്. ചൂരൽമല ശാഖയിലെ വായ്‌പക്കാരിൽ മരണപ്പെട്ടവരുടെയും ഈട് നൽകിയ വീടും വസ്‌തുവകകളും നഷ്‌ടപ്പെട്ടവരുടെയും മുഴുവൻ വായ്‌പകളും എഴുതിത്തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.
കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, ചൂരൽമലയിലും മുണ്ടക്കൈയിലും നടത്തുന്ന ജനകീയ തിരച്ചിലിൽ തൃശൂരിൽ നിന്നുള്ള സിവിൽ ഡിഫൻസ് വിഭാഗത്തിലെ 22 വനിതാ വൊളന്റിയർമാരും പങ്കാളികളായി. അഗ്‌നിരക്ഷാ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക പരിശീലനം നേടിയവരാണ് തിരച്ചിൽ നടത്തുന്നത്. ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ, പുതുക്കാട്, ചാലക്കുടി എന്നീ സ്‌റ്റേഷനുകളിലെ വൊളന്റിയർമാരാണ് ശനിയാഴ്‌ച മുതൽ തിരച്ചിലിന്റെ ഭാഗമായത്.
Most Read| സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്