വാഷിങ്ടൻ: വിദ്യാർഥി വിസയിൽ കടുത്ത നടപടിയുമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികളുടെ വിസാ ഇന്റർവ്യൂകൾ നിർത്തിവെക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. യുഎസിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ സാമൂഹിക മാദ്ധ്യമ ഇടപെടലുകൾ നിരീക്ഷിക്കുന്ന പ്രവർത്തനം (സോഷ്യൽ മീഡിയ വെറ്റിങ്) വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.
എഫ്, എം, ജെ വിസാ അപേക്ഷകർക്കുള്ള ഇന്റർവ്യൂകൾക്കാണ് നടപടി ബാധകമാവുക. നിലവിൽ ഇന്റർവ്യൂ അപ്പോയിന്റ്മെന്റുകൾ ലഭിച്ചവരെ ഇത് ബാധിക്കില്ല. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കോൺസുലേറ്റുകൾക്ക് അയച്ച ഉത്തരവിലാണ് നിർദ്ദേശമുള്ളത്. ട്രംപ് ഭരണകൂടം കടുത്ത കുടിയേറ്റ അജണ്ട നിറവേറ്റുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി നാടുകടത്തൽ വർധിപ്പിക്കാനും വിദ്യാർഥി വിസ റദ്ദാക്കാനും ശ്രമിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.
അതേസമയം, ട്രംപിന്റെ പുതിയ നയം സ്‌റ്റുഡന്റ് വിസ പ്രോസസിങ്ങിനെ മാത്രമല്ല, സാമ്പത്തികമായി വിദേശ വിദ്യാർഥികളുടെ പ്രവേശനത്തെ വളരെയധികം ആശ്രയിക്കുന്ന അമേരിക്കൻ സർവകലാശാലകളെയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ, ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് എതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്തുവെന്ന് കരുതപ്പെടുന്ന വിദ്യാർഥികൾക്ക് ട്രംപ് ഭരണകൂടം സോഷ്യൽ മീഡിയ സ്‌ക്രീനിങ് സംഘടിപ്പിച്ചിരുന്നു.
അതിനിടെ, ക്ളാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള വിദേശ വിദ്യാർഥികൾക്ക് വിസ നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ഭാവിയിൽ യുഎസ് വിസയ്‌ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും റിപ്പോർട്ടുണ്ട്.
Most Read| ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ