ന്യൂഡെൽഹി: റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരിൽ ഇന്ത്യക്കേർപ്പെടുത്തിയ അധിക തീരുവ, യുഎസിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളെ ബാധിച്ചേക്കും. ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള പ്രധാന കയറ്റുമതികളായ ലെതർ, രാസവസ്‌തുക്കൾ, പാദരക്ഷകൾ, ആഭരണങ്ങൾ, വസ്‌ത്രങ്ങൾ, രത്‌നങ്ങൾ എന്നിവയുടെ വിപണിയെയാണ് കാര്യമായി ബാധിക്കുക.
റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇടപാടിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ആദ്യം 25% നികുതി യുഎസ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം അത് 50 ശതമാനമാക്കി ഉയർത്തുകയും ചെയ്‌തു. അധിക തീരുവ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ വിലവർധിക്കുന്നതിന് ഇടയാക്കും. യുഎസിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 40 മുതൽ 50 ശതമാനം വരെ കുറയുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തൽ.
നികുതി വർധനവ് ബാധിക്കുന്ന വിഭാഗങ്ങൾ
ചെമ്മീൻ- 50%
ഓർഗാനിക് കെമിക്കൽസ്- 54%
കാർപെറ്റുകൾ- 52.9%
വസ്‌ത്രങ്ങൾ- 60.3% മുതൽ 63.9 വരെ
തുണിത്തരങ്ങൾ- 59%
ഡയമണ്ട്, ഗോൾഡ് ഉൽപ്പന്നങ്ങൾ- 52.1%
സ്‌റ്റീൽ, അലുമിനിയം, കോപ്പർ- 51.7%
യന്ത്ര ഭാഗങ്ങൾ, അനുബന്ധ ഘടകങ്ങൾ- 51.3%
വാഹനങ്ങൾ, വാഹന ഘടകങ്ങൾ- 26%
ഫർണീച്ചറുകൾ, കിടക്കനിർമാണ ഘടകങ്ങൾ- 52.3%
അതേസമയം, ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾ, സ്‍മാർട്ട് ഫോണുകൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്ക് തീരുവ ഉയർത്തിയത് ബാധകമാക്കിയിട്ടില്ല. ഇന്ത്യക്ക് യുഎസ് വിപണിയിൽ മറ്റ് രാജ്യങ്ങളുമായി മൽസരമുള്ള മേഖലകൾക്കാണ് തീരുവ വർധനവ് നിലവിൽ വന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ചർച്ച മുന്നോട്ട് പോകുന്നതിനിടെയാണ് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിനെതിരെ ഇന്ത്യക്കെതിരെ തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!