വാഷിങ്ടൻ: റഷ്യ-യുക്രൈൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ നീക്കം തുടരുന്നതിനിടെ പുതിയ ചുവടുവെപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നിർണായക ധാതുഖനന കരാറിന് യുഎസും യുക്രൈനും ധാരണയായെന്നാണ് റിപ്പോർട്.
അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരാറിന് യുക്രൈൻ സമ്മതിച്ചതെന്നാണ് സൂചന. ധാതുഖനന കരാറിലെ കരട് വ്യവസ്‌ഥകളിൽ യുഎസും യുക്രൈനും യോജിച്ചുവെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു റോയിറ്റേഴ്‌സ് റിപ്പോർട് ചെയ്‌തു. സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടർച്ചയായ കൈമാറ്റമോ കരാറിൽ ഇല്ലെന്നാണ് സൂചന.
യുക്രൈനിന്റെ പ്രകൃതി സമ്പത്തിൽ 500 ബില്യൻ ഡോളറിന്റെ അവകാശം ചോദിച്ചിരുന്ന യുഎസ് നിലപാടിൽ പ്രതിഷേധിച്ചു ധാതുകരാറിന്റെ മുൻ കരടിൽ ഒപ്പിടാൻ സെലെൻസ്‌കി വിസമ്മതിച്ചിരുന്നു. യുഎസ് പ്രഖ്യാപിച്ച സഹായത്തിൽ നിന്ന് വളരെ കുറച്ചേ ലഭിച്ചുള്ളൂവെന്നും യുക്രൈനിൽ നിന്ന് ആവശ്യമായ സുരക്ഷാ കരാറിൽ ഇല്ലെന്നും അറിയിച്ചു.
പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെക്കുക. ധാതുക്കൾ, ഹൈഡ്രോ കാർബണുകൾ എന്നിവയുടെ ഖനനത്തിലും മറ്റുമായി യുഎസും യുക്രൈനും പുനർനിർമാണ നിക്ഷേപ ഫണ്ട് രൂപീകരിക്കും. യൂറോപ്യൻ യൂണിയൻ നിർണായകമെന്ന് തിരിച്ചറിഞ്ഞ 34 ധാതുക്കളിൽ 22 എണ്ണത്തിന്റെയും നിക്ഷേപം യുക്രൈനിലുണ്ട്.
വളരെ വലിയ കരാറിൽ ഒപ്പുവെയ്‌ക്കാൻ യുക്രൈൻ പ്രസിഡണ്ട് വ്ലോഡിമിർ സെലെൻസ്‌കി വെള്ളിയാഴ്‌ച വാഷിങ്‌ടണിലേക്ക് വരുമെന്ന് ട്രംപ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്‌ച പരസ്‌പരം വിമർശിച്ചതിന് പിന്നാലെയായിരുന്നു പ്രസ്‌താവന. കോടികണക്കിന് ഡോളറിന്റെ സഹായത്തിന് പകരമായുള്ളതാണ് കരാർ എന്നാണ് ട്രംപിന്റെ നിലപാട്.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ