ന്യൂഡെൽഹി: നാലുദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസ് ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവിന്റെ നേതൃത്വത്തിൽ വാൻസിനെ പാലം വ്യോമതാവളത്തിൽ സ്വീകരിച്ചു. വാൻസിനൊപ്പം ഭാര്യ ഉഷ വാൻസും മക്കളും ഇന്ത്യയിലെത്തിയിട്ടുണ്ട്.
യുഎസ് ചുമത്തുന്ന പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കെയാണ് യുഎസ് വൈസ് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശനം. ഇന്ന് വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാൻസ് കൂടിക്കാഴ്‌ച നടത്തും. തുടർന്ന് അത്താഴവിരുന്നും ഉണ്ടാകും.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരുമായും കൂടിക്കാഴ്‌ച നടത്തും. പെന്റഗണിലെയും യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെയും ഉന്നത ഉദ്യോഗസ്‌ഥരും വാൻസിനൊപ്പം എത്തിയിട്ടുണ്ട്. വാൻസും കുടുംബവും അക്ഷർധാം ക്ഷേത്രമടക്കം സന്ദർശിക്കും. 23ന് ആഗ്രയിലും ജയ്‌പൂരിലും സന്ദർശനം നടത്തിയ ശേഷം 24ന് ജയ്‌പൂരിൽ നിന്ന് യുഎസിലേക്ക് തിരിച്ചുപോകും.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ