കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, വിജയസാധ്യത ഉറപ്പാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും തോറ്റുകഴിഞ്ഞാൽ പിണറായി വിജയൻ കണ്ടം വഴി ഓടുമെന്നും വിഡി സതീശൻ പറഞ്ഞു.
ഞങ്ങൾ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോൾ അത് എംവി. ഗോവിന്ദനെ പോലെ ഉള്ളവർക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ്. 100 അല്ല, 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെ ആയിരിക്കും, അതുപക്ഷേ തോറ്റുകഴിഞ്ഞാൽ പിണറായി വിജയൻ കണ്ടംവഴി ഓടുന്ന സ്‌പീഡ് ആയിരിക്കുമെന്ന് വിഡി സതീശൻ പരിഹസിച്ചു.
മുഖ്യമന്ത്രി യുഡിഎഫിന്റെ യാത്രകളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്തെല്ലാമായിരിക്കണമെന്നും അദ്ദേഹം പറയുന്നു. ആ ഉപദേശങ്ങൾ കൂടി ഞങ്ങൾ സ്വീകരിക്കാം. എൽഡിഎഫ് ഇപ്പോൾ ന്യൂനപക്ഷ പ്രീണനം കഴിഞ്ഞ് ഭൂരിപക്ഷ പ്രീണനത്തിന് ഇറങ്ങിയിരിക്കുകയാണ്. നിലവിൽ രണ്ടുകൂട്ടരും ഇല്ലാതായ അവസ്‌ഥയാണ്.
എന്താണ് പറയുന്നത്, എന്താണ് പ്രവർത്തിക്കുന്നത്, പണ്ട് എന്താണ് പറഞ്ഞത് എന്നതൊക്കെ മറന്ന പോലെയാണ്. അല്ലെങ്കിൽ മറന്നതായി അഭിനയിക്കുകയാണ്. ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തര കാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല. കാരണം ഞങ്ങൾക്ക് വേറെ പണിയുണ്ട്. ഈ കുറ്റം പറയുന്നവർക്ക് പരസ്‌പരം പഴിചാരാം, ഒത്തുചേരാം അതൊക്കെ ഓരോരുത്തരുടെയും ഇഷ്‌ടമാണ്.
ആർഎസ്എസിലോ എസ്എൻഡിപിയിലോ സമസ്‌തയിലോ എന്തെങ്കിലും തീരുമാനം എടുത്താൽ ഞങ്ങൾ ഉടനെ എന്റെ അടുത്തേക്ക് വരും. അതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല ഞാൻ. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും, ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരണം നടത്തേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക





































