കൊച്ചി: പിവി അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ അനുനയശ്രമത്തിന് പോയതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിന്റെയോ കോൺഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുൽ അൻവറിനെ പോയി കണ്ടത്. രാഹുൽ മാങ്കൂട്ടത്തിൽ സ്വയം തീരുമാനത്തിൽ പോയതാണെന്നും സതീശൻ പറഞ്ഞു.
അൻവറുമായി ഇനിയൊരു ചർച്ചയുമില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനം. മുന്നണിയോഗം ചേർന്ന് ആ തീരുമാനം ഔദ്യോഗികമായി അൻവറിനെ അറിയിച്ചതുമാണ്. യുഡിഎഫ് സ്‌ഥാനാർഥിയെ പിന്തുണച്ചാൽ ആലോചിക്കാമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പക്ഷേ, പിറ്റേദിവസം തന്നെ അൻവർ പഴയ നിലപാട് ആവർത്തിച്ചതോടെ ചർച്ചയുടെ വാതിലടച്ചു. ഇനി ചർച്ചയില്ലെന്നും സതീശൻ വ്യക്‌തമാക്കി.
അൻവറിനെ കാണാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജൂനിയർ ആയിട്ടുള്ള എംഎൽഎയെയാണോ ഇതിനായി ചുമതലപ്പെടുത്തുക? മാങ്കൂട്ടത്തിൽ സ്വന്തം ഇഷ്‌ടപ്രകാരം പോയതാണ്. അദ്ദേഹം പോയത് തെറ്റാണെന്നാണ് വ്യക്‌തിപരമായ അഭിപ്രായം. അക്കാര്യത്തിൽ വിശദീകരണം ചോദിക്കേണ്ടത് താനല്ല. മാങ്കൂട്ടത്തിൽ തനിക്ക് സ്വന്തം അനിയനെ പോലെയാണ്. രാഹുലിനെ നേരിട്ട് വ്യക്‌തിപരമായ രീതിയിൽ ശാസിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട സംഭാഷണമല്ല അൻവറുമായി നടത്തിയതെന്ന് വ്യക്‌തമാക്കി രാഹുൽ എംഎൽഎ മാങ്കൂട്ടത്തിൽ രംഗത്തെത്തി. പിണറായിസത്തിനെതിരെ സംസാരിക്കുന്ന ആളെന്ന നിലയിലാണ് അൻവറുമായി കൂടിക്കാഴ്‌ച നടത്തിയതെന്നും പാർട്ടിയോ മുന്നണിയോ പറഞ്ഞിട്ടല്ല അദ്ദേഹത്തെ പോയി കണ്ടതെന്നും രാഹുൽ പറഞ്ഞു. ഇന്നലെ അർധരാത്രി 11 മണിക്ക് ഒതായിയിലെ അൻവറിന്റെ വീട്ടിലെത്തിയാണ് രാഹുൽ കൂടിക്കാഴ്‌ച നടത്തിയത്.
Most Read| നിലമ്പൂരിൽ മോഹൻ ജോർജ് ബിജെപി സ്‌ഥാനാർഥി