പാലക്കാട്: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതാ വികസനത്തോട് അനുബന്ധിച്ച് നിർമിച്ച വടക്കഞ്ചേരി മേൽപ്പാലം വീണ്ടും കുത്തി പൊളിക്കുന്നു. തൃശൂർ ഭാഗത്തേക്കുള്ള പാലത്തിന്റെ ഭാഗമാണ് കുത്തി പൊളിക്കുന്നത്. ഇതേത്തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി.
സർവീസ് റോഡ് വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്നത്. ഒരുമാസം മുമ്പ് നിർമാണത്തിലെ അപാകതയെത്തുടർന്ന് പാലക്കാട് ദിശയിലേക്കുളള ഭാഗം കുത്തി പൊളിച്ചിരുന്നു. ഇപ്പോൾ രണ്ടാം തവണയും പാലം പൊളിക്കേണ്ടിവന്നതോടെ സുരക്ഷ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക ശക്തമായിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരി ആറിനാണ് മേൽപ്പാലം ഗതാഗതത്തിനായി തുറന്നത്. ആദ്യ ദിവസം തന്നെ പാലത്തിൽ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചിരുന്നു.
പണി മുഴുവൻ തീർക്കാതെ തിരക്കുപിടിച്ച് മേൽപ്പാലം തുറന്നത് പരാതിക്ക് ഇടയാക്കിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. മേൽപ്പാലത്തിൽ ഇപ്പോഴും തെരുവുവിളക്ക് സ്ഥാപിച്ചിട്ടില്ല.
അതേസമയം, പാലം വീണ്ടും പൊളിക്കുന്നത് നിർമാണത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് കരാർ കമ്പനിയുടെ വിശദീകരണം. പാലത്തിൽ ജോയന്റുകൾ വരുന്ന ഭാഗം വാഹനം ഓടിക്കഴിയുമ്പോൾ അൽപം താഴുമെന്നും തുടർന്ന് ഇവിടെയുണ്ടാകുന്ന നിരപ്പുവ്യത്യാസം പരിഹരിക്കാനാണ് പൊളിച്ച് നന്നാക്കുന്നതെന്നും ആണ് കരാർകമ്പനി അധികൃതർ പറയുന്നത്.
Malabar News: ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; മാതാവിന് ജാമ്യമില്ല







































