വടക്കഞ്ചേരി: നിർമാണത്തിലെ അപാകത മൂലം വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള പാലത്തിലെ അഞ്ചിടങ്ങളിൽ ആയാണ് പൊളിച്ചു പണിയുന്നത്. പാലത്തിന്റെ പണി നടക്കുന്നുണ്ടെകിലും വാഹനഗതാഗതം പൂർണമായി നിരോധിച്ചിട്ടില്ലെന്ന് ദേശീയ പാതാ അതോറിറ്റി വിഭാഗം അറിയിച്ചു. ഈ മാസം 18ന് ആണ് പ്രവൃത്തികൾ ആരംഭിച്ചത്. മേൽപ്പാലത്തിൽ ഇതുവരെ 32 ഇടങ്ങൾ പൊളിച്ച് പണിതിരുന്നു.
ആവശ്യത്തിന് ബലപ്പെടുത്തൽ നടത്താതെ നിർമാണം പൂർത്തിയാക്കിയതാണ് പാലത്തിന്റെ തകർച്ചക്ക് കാരണമായത്. ഉരുക്കുപാളി ഘടിപ്പിച്ച് ബലപ്പെടുത്താത്തത് മൂലം റോഡ് താഴുകയും ചിലയിടങ്ങളിൽ വിള്ളൽ വീഴുകയും ചെയ്‌തിരുന്നു. പാലത്തിന്റെ രണ്ട് ഭീമുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് വാഹനങ്ങൾ പോകുന്ന സമയങ്ങളിൽ വലിയ ശബ്‌ദത്തിൽ കുലുക്കം അനുഭവപ്പെട്ടതോടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ച് പ്രവൃത്തികൾ നടത്താൻ തുടങ്ങിയത്.
സ്ളാബുകൾ യോജിപ്പിക്കുന്ന ഭാഗം കുത്തിപൊളിച്ചു ഇരുമ്പ് റാഡ് സ്‌ഥാപിക്കും. തുടർന്ന് കോൺക്രീറ്റ് ചെയ്യും. എന്നീ പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്. ഫെബ്രുവരി ആറിനാണ് മേൽപ്പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തുടർന്ന് എട്ട് തവണ അടച്ചിടുകയും 32 സ്‌ഥലത്ത് പൊളിച്ചു മാറ്റി പണിയുകയും ചെയ്‌തിട്ടുണ്ട്. ദേശീയ പാതാ അതോറിറ്റി അധികൃതർ മേൽപ്പാലത്തിൽ നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് റോഡ് നിർമാണത്തിലെ അപാകതകൾ കണ്ടെത്തിയത്. തുടർന്നാണ് റോഡ് പൊളിച്ചുപണിയാൻ തീരുമാനിച്ചത്.
Read Also: കൽപ്പറ്റ നഗരസഭയിൽ സമ്പൂർണ ലോക്ക്ഡൗൺ