ഇടുക്കി: വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ നാല് പേർ അറസ്‌റ്റിൽ. നിശാപാർട്ടിയുടെ സംഘാടകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമ സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ഷാജി കുറ്റിക്കാടനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
റിസോർട്ട് ബുക്ക് ചെയ്‌തത് കൊച്ചി സ്വദേശി ഏണസ്‌റ്റാണെന്ന് റിസോർട്ട് ഉടമ വ്യക്‌തമാക്കി. ജൻമദിന പാർട്ടി ആഘോഷങ്ങൾക്കെന്ന പേരിലാണ് റിസോർട്ട് എടുത്തത്. മൂന്ന് റൂം മാത്രമാണ് എടുത്തതെന്നും എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ ചോദ്യം ചെയ്‌തെന്നും റിസോർട്ട് ഉടമ മൊഴി നൽകി.
അതേസമയം സിപിഐ ഏലപ്പാറ ലോക്കൽ സെക്രട്ടറി കൂടിയായ റിസോർട്ട് ഉടമ ഷാജിയുടെ ഷാജിയുടെ പ്രവൃത്തി കമ്യൂണിസ്‌റ്റ് വിരുദ്ധമാണെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ വ്യക്‌തമാക്കി.
ഇന്നലെ രാത്രിയാണ് വാഗമണിലെ റിസോർട്ടിൽ വച്ച് നടന്ന നിശാപാർട്ടിയിൽ നിന്ന് വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. അറുപതോളം പേരാണ് പിടിയിലായത്. ഇതിൽ 25 പേർ സ്‌ത്രീകളാണ്. എൽഎസ്‌ഡിയും മറ്റ് ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. വട്ടത്താലിലെ ക്ളിഫ് ഇൻ റിസോർട്ടിലായിരുന്നു നിശാപാർട്ടി നടന്നത്. ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.
Read Also: വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്; ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ തീരുമാനം