ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത കേസിൽ നടൻ ജോജു ജോർജ് ഇന്ന് ഇടുക്കി ആർടിഒക്ക് മുമ്പിൽ ഹാജരായേക്കില്ല. കളക്ടർ നിരോധിച്ച റേസിൽ പങ്കെടുത്തതിനാണ് ജോജു ജോർജ് അടക്കമുള്ളവർക്ക് എതിരെ വാഗമൺ പോലീസ് കേസെടുത്തത്. ഓഫ് റോഡ് റെയ്സിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ആർടിഒ നോട്ടീസ് നൽകിയിരിക്കുന്നത്.
ആർടിഒക്ക് മുമ്പിൽ ഇന്ന് ഹാജരാകുമെന്നാണ് ജോജു ജോർജ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, ഹാജരായേക്കില്ലെന്നാണ് സൂചന. അതിനിടെ, സംഭവത്തിൽ വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം എടുത്ത് കഴിഞ്ഞു. അനുമതിയില്ലാതെ ഓഫ് റോഡ് റെയ്സ് സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെയും, പങ്കെടുത്തവർക്കെതിരെയും വാഹന ഉടമകൾക്കെതിരെയും കേസെടുത്തിരുന്നു.
നടൻ ജോജു ജോർജിനെതിരെ കെഎസ്യു പരാതി നൽകിയിരുന്നു. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡണ്ട് ടോണി തോമസാണ് ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്ക് പരാതി നൽകിയത്. വാഗമണ്ണിൽ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമ വിരുദ്ധമെന്ന് ആരോപിച്ചായിരുന്നു പരാതി.
സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച റൈഡ് പ്ളാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. വാഗമൺ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റെയ്സ് സംഘടിപ്പിച്ചത്. തന്റെ ജീപ്പായ റാംഗ്ളറുമായാണ് ജോജു ജോർജ് റെയ്സിൽ പങ്കെടുത്തത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Most Read: മരുന്ന് നൽകുന്നതിനിടെ ആന അടിച്ചു തെറിപ്പിച്ചു; ഒന്നാം പാപ്പാന് ദാരുണാന്ത്യം








































