മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ട ബലാൽസംഗം ചെയ്‌ത കേസിൽ മൂന്നുപേർ പോലീസ് കസ്‌റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. മറ്റു രണ്ടു പ്രതികൾ പിടിയിലായതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രകാശനെ പാലക്കാട് നിന്നാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ജൂൺ 16നായിരുന്നു കേസിനാസ്‌പദമായ സംഭവം. രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ബലാൽസംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടിൽ കഴിയുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. അവശനിലയിലായ യുവതി സുഹൃത്തിനോടാണ് ഇക്കാര്യം പറഞ്ഞത്. സുഹൃത്താണ് ഇന്നലെ ഉച്ചയോടെ വിവരം പോലീസിൽ അറിയിച്ചത്.
വളാഞ്ചേരി പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യസ്‌ഥിതി മോശമായതിനെ തുടർന്ന് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരൂർ ഡിവൈഎസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കൂടുതൽ വിവരങ്ങൾ വ്യക്‌തമായതിന് ശേഷം അറസ്‌റ്റിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
Most Read| ഈ മാസം 25 മുതൽ നടത്താനിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ മാറ്റിവെച്ചു







































