തൃശൂർ: വരന്തരപ്പിള്ളി കാലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. യുവാവിനെ അസ്വാഭാവിക മരണത്തിന് കാരണം കത്തി കൊണ്ട് കുത്തേറ്റതാണെന്ന് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വിനോദിന്റെ ഭാര്യ നിഷ കുറ്റം സമ്മതിച്ചത്. തുടർന്ന് നിഷയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11ആം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കൂലിപ്പണിക്കാരനാണ് വിനോദ്. സംഭവ ദിവസം ജോലി കഴിഞ്ഞു വീട്ടിലെത്തിയ വിനോദ് ഭാര്യയുമായി വഴക്കിട്ടിരുന്നു. തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു നിഷ. നിഷയുടെ ഫോൺ വിളികളിൽ വിനോദിന് ചില സംശയങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ഇരുവരും ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസവും വൈകിട്ട് വിനോദ് നിഷ ഫോൺ ചെയ്യുന്നതിനെ ചോദ്യം ചെയ്തിരുന്നു.
വിനോദ് ഫോൺ ആവശ്യപ്പെട്ടിരുന്നെങ്കിലും നിഷ നൽകിയില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ നിഷയിൽ നിന്ന് ഫോൺ വാങ്ങാൻ ശ്രമിച്ചതൊടെ ഇരുവരും തമ്മിൽ മൽപ്പിടിത്തം നടന്നു. പിടിവലിക്കിടെ നിഷയുടെ കൈപിടിച്ച് തിരിച്ചതോടെ, നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിക്കുക ആയിരുന്നു. വിനോദിന്റെ നെഞ്ചിലാണ് കുത്തേറ്റത്.
പെട്ടെന്ന് തന്നെ നിഷ മുറിവ് അമർത്തിപിടിച്ചതിനാൽ വിനോദിന് ആന്തരിക രക്തസ്രാവം ഉണ്ടാവുകയും വിനോദ് തളർന്നുപോവുകയും ആയിരുന്നു. രക്തം നിൽക്കാത്തതിനാൽ വണ്ടി വിളിച്ചുവരുത്തി നിഷ വിനോദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസക്കിടെ ആരോഗ്യനില വഷളായി വിനോദ് മരണപ്പെടുകയുമായിരുന്നു. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ പറഞ്ഞത്.
വിനോദിന്റെ അസ്വാഭാവിക മരണത്തെ തുടർന്ന് വരന്തരപ്പിള്ളി പോലീസ് കേസെടുത്തു. വിനോദ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ നിഷ സൂത്രത്തിൽ വീട്ടിലെത്തി തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചിരുന്നു. നിഷ കത്തി കഴുകി ഒളിപ്പിച്ചു വെക്കുകയും സംഭവ സമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു.
മരണാന്തര ചടങ്ങുകൾക്ക് ശേഷം നിഷയെ കണ്ടു പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോൾ ആദ്യമൊക്കെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ഉറച്ചുനിന്ന നിഷ പിടിച്ചു നിൽക്കാനാവാതെ നടന്ന സംഭവങ്ങൾ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
Most Read: ഏക സിവിൽ കോഡ്; ജനസദസുമായി കോൺഗ്രസ്- ഇടതുപക്ഷത്തിന് ക്ഷണമില്ല








































