തിരുവനന്തപുരം: ഞായറാഴ്‌ച രാത്രി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട കേസുമായി ബന്ധപ്പെട്ടുള്ള റിമാൻഡ് റിപ്പോർട് പുറത്ത്. പുകവലി ചോദ്യം ചെയ്‌തതിനെ തുടർന്നാണ് പ്രതിയായ സുരേഷ് കുമാർ പെൺകുട്ടിയെ പുറത്തേക്ക് ചവിട്ടി വീഴ്‌ത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്.
പുകവലിച്ചുകൊണ്ട് പ്രതി പെൺകുട്ടികളുടെ അടുത്തേക്ക് എത്തിയത് എതിർത്തതാണ് പ്രകോപനത്തിന് കാരണം. മാറി നിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ പ്രകോപിതനായ സുരേഷ് കുമാർ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെ (സോന-19) ആക്രമിക്കുകയായിരുന്നു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വധശ്രമം അടക്കം ആറ് വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
നിർണായകമായ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഞായറാഴ്‌ച കോട്ടയം അതിരമ്പുഴയിലെയും നാഗമ്പടത്തെയും രണ്ട് ബാറുകളിൽ കയറി മദ്യപിച്ചതിന് ശേഷമാണ് സുരേഷ് സുഹൃത്തിനൊപ്പം കേരള എക്‌സ്‌പ്രസിന്റെ ഏറ്റവും പിൻഭാഗത്തുള്ള ജനറൽ കമ്പാർട്ട്മെന്റിൽ കയറിയത്. സുരേഷിന്റെ സുഹൃത്തിന് സീറ്റ് കിട്ടി. പ്രതി പുകവലിക്കാനായി ശുചിമുറിയുടെ ഭാഗത്തേക്ക് പോയി.
വാതിലിന് സമീപത്ത് നിന്നാണ് ഇയാൾ പുകവലിച്ചത്. തുടർന്ന് ഇയാൾ പുകവലിച്ചുകൊണ്ട് ശ്രീക്കുട്ടിയും അർച്ചനയും നിന്ന ഭാഗത്തേക്ക് എത്തി. അവിടെനിന്ന് പുകവലിക്കാൻ പാടില്ലെന്നും മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്നും പെൺകുട്ടികൾ ഇയാളോട് പറഞ്ഞു. മദ്യലഹരിയിൽ ആയിരുന്ന സുരേഷ് ഇതോടെ പ്രകോപിതനായി ശ്രീക്കുട്ടിയെ പിന്നിൽ നിന്ന് മുതുകിൽ ആഞ്ഞുചവിട്ടി ട്രെയിനിന് പുറത്തേക്ക് വീഴ്‌ത്തുകയായിരുന്നു.
ഇത് കണ്ട് നിലവിളിച്ച ഒപ്പമുണ്ടായിരുന്ന അർച്ചനയെയും ഇയാൾ ചവിട്ടി. അർച്ചന, സുരേഷിന്റെ കാലിലും ഡോറിലും പിടിച്ചു തൂങ്ങിക്കിടക്കുന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ മറ്റു യാത്രക്കാരാണ് അർച്ചനയെ പിടിച്ചുകയറ്റിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
Most Read| ജസ്‌റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്‌റ്റിസ്; നിയമിച്ച് രാഷ്‌ട്രപതി








































