തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ ആത്‍മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവീൻ ബാബുവിന്റെ മരണവാർത്ത ഞെട്ടിക്കുന്നതാണെന്ന് സതീശൻ പ്രതികരിച്ചു. കൊലപാതകത്തിന് തുല്യമായ സംഭവമാണ് നടന്നതെന്നും സതീശൻ വിമർശിച്ചു.
നവീൻ ബാബുവിനെ അപമാനിക്കുംവിധം ദിവ്യ സംസാരിച്ചു. സിപിഐഎം കുടുംബത്തിൽപ്പെട്ടയാളാണ് നവീൻ. അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകൾക്ക് പോലും അഭിപ്രായം ഇല്ലാത്ത ആളായിരുന്നു അദ്ദേഹം. പിപി ദിവ്യ വ്യക്‌തിവിരോധം തീർക്കാൻ ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് ചടങ്ങിലേക്ക് എത്തി. അപമാനിച്ചതിന്റെ ഫലമായിട്ടാണ് നവീൻ ബാബു ജീവനൊടുക്കിയത്.
കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യമാണ്. അധികാരം ദുരൂപയോഗം ചെയ്‌ത് ആരെയും അപമാനിക്കാം എന്ന് പറയുന്നത് ഭൂഷണമല്ല. ഭരണത്തിന്റെയും അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനം. കേസെടുത്ത് അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. അധികാരത്തിന്റെ ബലത്തിൽ എന്തും ചെയ്യാമെന്ന പ്രവണതയാണ് പലർക്കുമുള്ളത്. ഇതിനെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്‌ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ആത്‍മഹത്യ.
ചടങ്ങിൽ വെച്ച് പിപി ദിവ്യ രൂക്ഷമായി നവീനെ വിമർശിച്ചതായാണ് വിവരം. ചെങ്ങളായിൽ പെട്രോൾ പമ്പിന് നിരാപേക്ഷ പത്രം നൽകുന്നത് മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നുമാണ് ദിവ്യ പറഞ്ഞത്. രണ്ടുദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പറഞ്ഞാണ് ദിവ്യ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയത്. ഇതിൽ മനംനൊന്താണ് ആത്‍മഹത്യ എന്നാണ് സൂചന. ദിവ്യക്കെതിരെ രൂക്ഷമായ സൈബറാക്രമണം തുടങ്ങിയിട്ടുണ്ട്.
Most Read| നിലപാട് തിരുത്തി സർക്കാർ; ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി