കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യുഡിഎഫും ആർഎംപിയും വ്യക്‌തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്‌തു. തെറ്റ് ബോധ്യപ്പെട്ട് മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണെന്നും വിഡി സതീശൻ പറഞ്ഞു.
എന്നാൽ, ‘മാപ്പ് പറയലിൽ തീരില്ല’ എന്ന സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്‌താവന അക്രമത്തിനുള്ള ആഹ്വാനമാണ്. അതുകൊണ്ട് ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ആണെന്നും വിഡി സതീശൻ ആരോപിച്ചു.
തെങ്ങിൻ പൂക്കുല പോലെ ടിപി ചന്ദ്രശേഖറിന്റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്‌ത പാർട്ടിയാണ് സിപിഎം. അതേ മാതൃകയിൽ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സിപിഎം ഇനിയും ശ്രമിക്കേണ്ട. ആർഎംപിയുടെ വടകരയിൽ സിപിഎമ്മിന്റെ അന്ത്യത്തിന് തുടക്കമായിരുന്നു. അതുകൊണ്ട് ടിപിയെ പോലെ ആർഎംപിയെയും ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അത്തരം നീക്കങ്ങളെ എന്ത് വിലകൊടുത്തും യുഡിഎഫ് പ്രതിരോധിക്കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
അതിനിടെ, സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ കെഎസ് ഹരിഹരനെതിരെ വടകര പോലീസ് കേസെടുത്തു. സ്‌ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടനകിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കെ പുഷ്‌പജ നൽകിയ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി കെകെ ശൈലജക്കെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പിന്നാലെ ഹരിഹരനെതിരെ വ്യാപക വിമർശനം ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഹരിഹരന്റെ വീടിന് നേരെ ആക്രമണവും ഉണ്ടായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി