തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മന്ത്രി എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചെന്നും ഇതാണോ സ്ത്രീപക്ഷമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമസഭയില്‍ പിസി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങുന്നതിന് മുന്‍പായിരുന്നു സതീശന്റെ പ്രതികരണം.
സ്ത്രീപീഡന പരാതിയാണെന്ന് അറിഞ്ഞല്ല കേസിൽ ഇടപെട്ടത് എന്ന് മന്ത്രി പറഞ്ഞ വാദം തന്നെയാണ് മുഖ്യമന്ത്രിയും ഉന്നയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന ഫോൺ സംഭാഷണത്തിൽ പത്മാകരന് എന്ന മുതലാളി മകളെ കയറിപ്പിടിച്ച പരാതിയാണോ മന്ത്രി ഉദ്ദേശിച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് ചോദിക്കുന്നുണ്ട്. അതെ എന്ന് മന്ത്രി പറയുന്നത് കേരളം മുഴുവൻ കേട്ടതാണ്
ജൂണ്‍ 28ന് കൊടുത്ത പരാതിയിൽ ജൂലൈ 20 വരെ അനക്കമുണ്ടായില്ല. സ്വാധീനമുള്ളവര്‍ക്ക് സ്ത്രീപീഡനകേസ് പോലും അട്ടിമറിക്കാന്‍ കഴിയും. പരാതിക്കാരെ മന്ത്രിമാര്‍ വരെ വിളിച്ച് സ്വാധീനം ചെലുത്തുകയാണ്. നവോഥാനത്തെ കുറിച്ചും വന്മതിലിനെ കുറിച്ചും സ്ത്രീപക്ഷത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഐഎം ഇത്തരമൊരു രീതിയിലാണോ സ്ത്രീകളെ ചേര്‍ത്തു നിര്‍ത്തേണ്ടത്.
സ്ത്രീപീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മന്ത്രി ഒരു നിമിഷം പോലും മന്ത്രിസഭയില്‍ തുടരാന്‍ പാടില്ല. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം മന്ത്രി രാജി ആവശ്യപ്പെട്ട് നിയമസഭയുടെ മുന്നിൽ യുവ, മഹിളാ മോർച്ചകളുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം നടന്നു. പ്രതിഷേധം കനത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Read also: മന്ത്രി എകെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി






































