കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റേത് അഭിനയം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടത്തിയതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്‌തമായിട്ടുണ്ടെന്നും വിഡി. സതീശൻ പറഞ്ഞു.
മന്ത്രിയുടെ കൈയിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ടു ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്‌സാക്ഷിയല്ലാത്ത സ്‌പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയെ കെഎസ്‌യു പ്രവർത്തകർ അക്രമിച്ചെന്ന ആരോപണം പാടേ തള്ളുകയാണ് വിഡി. സതീശൻ.
മന്ത്രിയുടെ കഴുത്തും കൈയും പ്രവർത്തകർ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിക്കുകയാണ്. ഇതിനെതിരെ കേസെടുക്കണം. കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്‌തത് തെറ്റായ നടപടിയാണ്. സർക്കാറിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, ആരോഗ്യ മേഖലയിലെ തകർച്ചയും സർക്കാരിനെതിരായ ജനവികാരവും മറച്ചുവെക്കാനാണ് ഇത്തരമൊരു നാടകം ആസൂത്രണം ചെയ്‌തതെന്ന് കെഎസ്‌യു സംസ്‌ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. പ്ളാറ്റ്‌ഫോമിലൂടെ സാധാരണ രീതിയിൽ നടന്നുപോയ മന്ത്രി പിന്നീട് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിക്കപ്പെട്ടതും ഗൗരവകരമായ പരിക്കുകളില്ലെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നതും ഈ നാടകത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കയ്യിലുണ്ടായിരുന്ന കരിങ്കൊടിയുടെ ഒരു നൂലിഴ പോലും മന്ത്രിയുടെ ദേഹത്ത് തട്ടിയില്ലെന്നും കരിങ്കൊടി മരകായുധമാണോ എന്ന് പോലീസ് വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ പ്രസ്‌താവനകളിൽ വലിയ വൈരുധ്യങ്ങൾ ഉണ്ടെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ



































