പന്തളം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണക്കൊള്ള നടന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അറിവോടെയാണെന്ന് വിഡി സതീശൻ ആരോപിച്ചു.
ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ മഹാസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. ആരാണ് സ്വർണം മോഷ്ടിച്ച് വിറ്റതെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അത് ആരാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. കപട അയ്യപ്പ ഭക്തിയാണ് സർക്കാർ കാണിക്കുന്നത്.
അയ്യപ്പ ഭക്തി ഉണ്ടെങ്കിൽ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കണം. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. ഭക്തർക്കെതിരെയുള്ള കേസുകൾ യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവലിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
പോലീസ് അറസ്റ്റ് ചെയ്ത ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നന്നായി അറിയുന്നത് ആളാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിനായി തിരുവനന്തപുരത്ത് വീട് നിർമിച്ച് കൊടുത്തത് പോറ്റിയാണ്. വലിയ അയ്യപ്പ ഭക്തനാണ് പോറ്റിയെന്നാണ് അന്ന് കടകംപള്ളി പറഞ്ഞത്. ഇപ്പോൾ ആർക്കും പോറ്റിയെ അറിയില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
സ്വകാര്യ ബസ് സ്റ്റാൻഡിൽ തയ്യാറാക്കിയ വേദിയിലാണ് മഹാസംഗമം നടന്നത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കെ. മുരളീധരൻ, ബെന്നി ബെഹനാൻ എംപി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എന്നിവർ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രകൾ ചെങ്ങന്നൂരിൽ സമാപിച്ചു. തുടർന്ന് വൈകീട് പന്തളത്തേക്ക് പദയാത്ര നടത്തി. തുടർന്നായിരുന്നു പൊതുയോഗം.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ