തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കേരളം ഞെട്ടുന്ന ഒരു വാർത്ത ഉടൻ പുറത്തുവരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് ബിജെപിയെ സതീശൻ വെല്ലുവിളിക്കുന്നത്.
സ്‌ത്രീകളെ വേട്ടയാടുന്ന പാർട്ടിയായി സിപിഎം മാറി. പൊതുയോഗം നടത്തി അധിക്ഷേപിച്ചതിൽ മനംനൊന്താണ് ആര്യനാട്ടിൽ പഞ്ചായത്തംഗം ആത്‍മഹത്യ ചെയ്‌തത്. സിപിഎമ്മുകാർ അധികം കളിക്കരുത്. ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് അത് വെളിപ്പെടുത്തുമോ എന്ന ചോദ്യത്തിന് ”ഒരുപാട് ദിവസം ഇല്ലേ ഇലക്ഷന് അത്ര ദിവസം പോകില്ല” എന്നായിരുന്നു വിഡി സതീശന്റെ മറുപടി. ആര്യനാട്ടിൽ പഞ്ചായത്ത് അംഗത്തെ അധിക്ഷേപിക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡണ്ടും ഏരിയ സെക്രട്ടറിയും പൊതുയോഗം നടത്തി. ഈ യോഗത്തിൽ അധിക്ഷേപിച്ചതിൽ മനംനൊന്താണ് അവർ ജീവനൊടുക്കിയത്.
ഇതിന് ശേഷം അവരുടെ ഭർത്താവും മകളും പോലീസ് സ്‌റ്റേഷനിൽ പോയപ്പോൾ മൊഴി എടുക്കാൻ പോലും തയ്യാറായില്ല. പോലീസ് സ്‌റ്റേഷനിൽ പോലും അവർക്ക് നീതി കിട്ടുന്നില്ല. സിപിഎം ഈ വേട്ടയാടൽ അവസാനിപ്പിക്കണം. ആര്യനാട്ടിൽ പഞ്ചായത്തംഗത്തിന്റെ മരണത്തിന് ഉത്തരവാദികളായ ആളുകൾക്കെതിരെ ആത്‍മഹത്യാ പ്രേരണയ്‌ക്ക് കേസെടുക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
Most Read| പായ്‌വഞ്ചിയിൽ 40,000 കിലോമീറ്റർ, സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും