തിരുവനന്തപുരം : കോവിഡിനൊപ്പം സംസ്‌ഥാനത്ത് പച്ചക്കറി വിലയും കുതിച്ചുയരുന്നു. ഉള്ളി, സവാള എന്നിവയുടെ വില സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കുതിച്ചുയരുകയാണ്. അയൽ സംസ്‌ഥാനങ്ങളിലെ മഴക്കെടുതിയാണ് സംസ്‌ഥാനത്ത് ഇപ്പോള്‍ വലിയ രീതിയില്‍ പച്ചക്കറി വില ഉയരാന്‍ കാരണം. കഴിഞ്ഞ ഒരു മാസം കൊണ്ട് ഉള്ളിയുടെയും സവാളയുടെയും വില ഇരട്ടിയോളമാണ് വര്‍ധിച്ചത്. കോവിഡ് മഹാമാരി താളം തെറ്റിച്ച സമ്പദ് വ്യവസ്‌ഥയില്‍ ഇപ്പോഴുണ്ടാകുന്ന പച്ചക്കറി വിലവര്‍ധനയും കൂടി ആകുമ്പോള്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തന്നെ അത് രൂക്ഷമായി ബാധിക്കും.
സാധാരണക്കാരന് താങ്ങാന്‍ പറ്റുന്നതിലും അധികമായി ഇപ്പോള്‍ തന്നെ ഉള്ളി വില വര്‍ധിച്ചു കഴിഞ്ഞു. ഒരു മാസം മുന്‍പ് വരെ 65 രൂപ ആയിരുന്ന ഒരു കിലോ ഉള്ളിക്ക് ഇപ്പോള്‍ സംസ്‌ഥാനത്ത് 115 രൂപയായി. സവാളയും ഒട്ടും പിറകിലല്ല. ഒരു മാസം കൊണ്ട് 42 രൂപയില്‍ നിന്നും 90 രൂപയിലേക്കാണ് സവാള വില കുതിച്ചു കയറിയത്. കേരളത്തിലേക്ക് സവാള എത്തുന്ന മഹാരാഷ്‌ട്രയിലും കര്‍ണാടകയിലും, ഉള്ളി എത്തുന്ന തമിഴ്നാട്ടിലും ന്യൂനമര്‍ദ്ദം വിതച്ച നാശം കേരളത്തേയും ബാധിച്ചു എന്ന് തന്നെ പറയാം.
ഉള്ളിയും സവാളയും മാത്രമല്ല ഇപ്പോള്‍ തൊട്ടാല്‍ പൊള്ളുന്നത്. മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്കെല്ലാം തന്നെ ഇപ്പോള്‍ വലിയ വില വര്‍ധനയാണ് കേരളത്തില്‍. 20 രൂപ ഉണ്ടായിരുന്ന ക്യാരറ്റിന് ഇപ്പോള്‍ കിലോക്ക് 100 രൂപയാണ് വില. ഒപ്പം തന്നെ ബീന്‍സ്, ക്യാബേജ് എന്നിവയുടെ വില 50 ലേക്കും ബീറ്റ്റൂട്ടിന്റെ വില 60 ലേക്കും എത്തിയത് സാധാരണക്കാരന് വലിയ തിരിച്ചടി തന്നെയാണ്. മാസങ്ങളായി തുടരുന്ന കോവിഡ് പ്രതിസന്ധിക്ക് ഒപ്പം തന്നെ പച്ചക്കറി വില വര്‍ധന പൊതുജനങ്ങളെ രൂക്ഷമായി തന്നെ ബാധിക്കുമെന്നതിന് സംശയമില്ല.
Read also : കാര്‍ഷിക ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍