താളംതെറ്റുമോ കുടുംബ ബജറ്റ്? സംസ്‌ഥാനത്ത്‌ ഭഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു

കഴിഞ്ഞ മാസങ്ങളിൽ കിലോയ്‌ക്ക് 30-35 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ കേരളത്തിൽ വില 80-100 രൂപയാണ്.

By Trainee Reporter, Malabar News
Vegetable Price Hike In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പച്ചക്കറി അടക്കമുള്ള ഭഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിലെ മധുരയിൽ ഏപ്രിലിൽ 15 കിലോ തക്കാളിക്ക് (ഒരു പെട്ടി) 100-150 രൂപയായിരുന്നെങ്കിൽ ഇപ്പോൾ വില 900-1000 രൂപവരെയാണ്. ഇതോടെ, കേരളത്തിലും വില വർധിച്ചു. കഴിഞ്ഞ മാസങ്ങളിൽ കിലോയ്‌ക്ക് 30-35 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ കേരളത്തിൽ വില 80-100 രൂപയാണ്.

തക്കാളിക്ക് പുറമെ, ഒട്ടുമിക്ക പച്ചക്കറികൾക്കും വില ശരാശരി 50 രൂപയ്‌ക്ക് മുകളിലെത്തിക്കഴിഞ്ഞു. പടവലം, പാവക്ക, വഴുതന, കിഴങ്ങ്, ബീൻസ്, കാപ്‌സിക്കം, വെള്ളരി, സവാള, ഇഞ്ചി, വെളുത്തുള്ളി, ചെറിയഉള്ളി, അച്ചിങ്ങ, ബീറ്റ്‌റൂട്ട്, വെണ്ടക്ക തുടങ്ങിയവ കിലോയ്‌ക്ക് 60 മുതൽ 240 രൂപവരെ നിലവാരത്തിലാണ് ചില്ലറ വ്യാപാരം നടത്തുന്നത്.

കഴിഞ്ഞ മാസം 25 രൂപയായിരുന്ന സവാള വിലയാണ് ഇപ്പോൾ 50 കടന്നത്. 160- 170 രൂപയിൽ നിന്ന് ഇഞ്ചി വില 240 രൂപയായി. 80 രൂപയായിരുന്ന വെളുത്തുള്ളിക്ക് ഇപ്പൾ 220 രൂപയാണ്. 20 രൂപയായിരുന്ന വെണ്ടയുടെ വില ഇപ്പോൾ 80 രൂപയാണ്. മുരിങ്ങ, മല്ലിയില എന്നിവയ്‌ക്കും വില 200ന് മുകളിലാണ്.

പച്ചക്കറികൾക്ക് മാത്രമല്ല, അരി, ഉഴുന്ന്, പയർ, കടല ഉൾപ്പടെ ധാന്യങ്ങൾക്കും വില 90-180 രൂപ നിലവാരത്തിലാണുള്ളത്. അതേസമയം, വില ഉടനെ താഴാൻ സാധ്യതയില്ലെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ ഓഗസ്‌റ്റ്- സെപ്‌തംബറോടെ മാത്രമേ ഭക്ഷ്യവിലകൾ താഴാൻ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തലുകൾ.

പ്രതികൂല കാലാവസ്‌ഥയിൽ വിള നശിച്ചതും വിതരണ ശൃംഖല നേരിടുന്ന തടസങ്ങളുമാണ് വിലക്കയറ്റത്തിന് വഴിവെച്ചതെന്ന് വ്യാപാരികൾ പറയുന്നു. മഹാരാഷ്‌ട്രയിൽ പ്രതീക്ഷിച്ചതിലും മുമ്പേയെത്തിയ മൺസൂൺ കാർഷിക വിളകൾക്ക് നാശം വിതച്ചു. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ 40 ഡിഗ്രിയും കടന്നുള്ള ഉഷ്‌ണതരംഗവും വരൾച്ചയും കൃഷിയെ നന്നായി ബാധിച്ചു. മഴക്കെടുതിയാണ് തമിഴ്‌നാടിന് തിരിച്ചടിയായതെങ്കിൽ കീടങ്ങളുടെ ആക്രമണമാണ് കർണാടകയെ വലച്ചത്.

ട്രോളിങ് നിരോധനം മൂലം മൽസ്യവിലയും കത്തിക്കയറുകയാണ്. ട്രോളിങ് നിരോധനത്തിന് മുൻപ് 180-200 രൂപയായിരുന്നു മത്തിയുടെ വിലയിപ്പോൾ 380-400 വരെയാണ്. അയല, കൊഴുവ, മറ്റ, കരിമീൻ, ചെമ്മീൻ, ആവോലി എന്നിവക്കും വില വൻതോതിൽ ഉയർന്നു. ആവോലിക്ക് ഇപ്പോൾ 1000 രൂപയാണ് വില. ഇത്തോതിൽ ഭക്ഷ്യസാധനങ്ങളുടെ വില വർധിച്ചാൽ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുമെന്ന് ഉറപ്പാണ്.

Most Read| പൊതു പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കൽ; ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE