കോട്ടക്കൽ: പരീക്ഷയുടെ അവസാന ദിവസം കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വാഹനറാലി നടത്തിയതിന് കണ്ടാലറിയുന്ന ഇരുപതോളം വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. മൂന്ന് കാറുകളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
കോട്ടക്കൽ, പുത്തൂർ ബൈപ്പാസിൽ വ്യാഴാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. പ്‌ളസ് ടു പരീക്ഷ കഴിഞ്ഞതിന്റെ ആവേശം ആഘോഷമാക്കാനാണ് ഒരു സംഘം വിദ്യാർഥികൾ ആഡംബര വാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലുമായി റാലി നടത്തിയത്. അൻപതോളം പേർ പുത്തൂർ ബൈപ്പാസിൽ ഒത്തുകൂടിയിരുന്നു. മറ്റു വാഹനങ്ങളുടെ വഴിമുടക്കിയതോടെ അതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും കോട്ടപ്പടിയിൽ വെച്ച് പോലീസ് ഇവരെ പിടികൂടുകയുമായിരുന്നു.
പിടികൂടിയ വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. റാലിയിൽ ഉൾപ്പെട്ട നിർത്താതെ പോയ വാഹനങ്ങൾ കണ്ടെത്താൻ നടപടികൾ സ്വീകരിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
Also Read: രാത്രി കർഫ്യൂ ലംഘനം; ജില്ലയിൽ 200ഓളം പേർക്കെതിരെ കേസ്








































