ചേർത്തല: ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായരും ഈഴവരും സഹോദരൻമാരാണെന്നും ഐക്യത്തിൽ നിന്ന് പിന്നോട്ട് പോയതിന്റെ പേരിൽ നായർ സമുദായത്തെ ആരും തള്ളിപ്പറയരുതെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
സുകുമാരൻ നായർ നിഷ്‌കളങ്കനാണ്. അദ്ദേഹം കാണിച്ച വിശാലമനസ്‌കതയ്‌ക്ക് നന്ദി പറയുന്നുവെന്നും ചേർത്തലയിൽ നടന്ന എസ്എൻ ട്രസ്‌റ്റ് പൊതുയോഗത്തിൽ സംസാരിക്കവെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്‌എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിൻമാറിയെങ്കിലും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാതെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
”നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം തിരഞ്ഞെടുപ്പ് സ്‌റ്റണ്ടല്ല. അത് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അതിൽ പെങ്കുചേരുന്നവർക്ക് പങ്കുചേരാം. അതിൽ ജാതിയോ മതമോ വർണമോ ഇല്ല. അതിൽ നമ്മൾക്ക് എതിർപ്പുള്ളത് മുസ്‌ലിം ലീഗിനോട് മാത്രമാണ്. അല്ലാതെ, മുസ്‌ലിം മതത്തോടോ മറ്റു മുസ്‌ലിം സംഘടനകളോടോ അല്ല.
ലീഗ് എല്ലാം കൊണ്ടുപോയി. ഈഴവന് ഒന്നും കിട്ടിയില്ല. അത് ചൂണ്ടിക്കാട്ടിയപ്പോൾ സമുദായത്തെ ആക്ഷേപിച്ചു എന്നാക്കി. ലീഗ് കാണിച്ചത് വിഭാഗീയത. നമ്മൾക്കെതിരെ യുദ്ധം ചെയ്യാൻ വന്നു. അത് ചൂണ്ടിക്കാണിച്ച എന്നെ മുസ്‌ലിം വിരോധിയാക്കി കത്തിക്കാൻ നോക്കുന്നു. എന്നെ കത്തിച്ചാൽ പ്രശ്‌നം തീരുമോ? സംവാദത്തിന് തയ്യാറുണ്ടോ? തന്റെ സംഘടനയെ തകർക്കാൻ ശ്രമമുണ്ടായാൽ അത് നോക്കിനിൽക്കാൻ സാധിക്കില്ല.
സാമൂഹിക നീതി എല്ലാവർക്കും കിട്ടണം. കിട്ടാതെ വരുമ്പോൾ തുറന്നുപറയേണ്ടി വരും. ജാതിവിവേചനത്തിൽ നിന്നാണ് ജാതി ചിന്ത ഉയർന്നുവരുന്നത്. സംഘടനയെ തകർക്കാൻ നോക്കുന്ന ശക്‌തികൾക്കെതിരെ വിരൽ ചൂണ്ടേണ്ടത് സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. അതിനാലാണ് സുകുമാരൻ നായരുമായി ചേർന്ന് നായർ-ഈഴവർ ഐക്യം ആലോചിച്ചത്.
ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞാൻ പറഞ്ഞു. ഐക്യത്തോടെ പോകാമെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്‌തു. ഞാൻ മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയതിന് പലരും കുറ്റം പറഞ്ഞു. പക്ഷേ, എനിക്ക് പിന്തുണ നൽകിയത് സുകുമാരൻ നായരാണ്. ഐക്യത്തിന് പിൻബലം തന്നതും അദ്ദേഹമാണ്. എന്റെ മകനെ അദ്ദേഹത്തിന്റെ മകനെ പോലെ സ്‌നേഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതാണ് സുകുമാരൻ നായർ. അദ്ദേഹം നിഷ്‌കളങ്കനാണ്”- വെള്ളാപ്പള്ളി പറഞ്ഞു.
Most Read| സംസ്‌ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് കേരളം





































