വിദ്യാ ബാലൻ ചിത്രം ‘ജല്‍സ’ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. വിദ്യാ ബാലൻ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ട്രെയ്‌ലര്‍ പങ്കു വച്ചിരിക്കുന്നത്.
വിദ്യാ ബാലന്റെ കരിയറിലെ ഒരു മികച്ച കഥാപാത്രമായിരിക്കും ‘ജല്‍സ’യിലേത് എന്നാണ് ട്രെയ്‌ലറിൽ നിന്ന് ലഭിക്കുന്ന സൂചന. മാദ്ധ്യമ പ്രവർത്തകയുടെ വേഷത്തിലാണ് ഇവർ ഈ ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്നത്.
ഡയറക്‌ട് ഒടിടി റിലീസാണ് ജൽസ. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്‍ബാല്‍ ഖാൻ, ഷഫീൻ പട്ടേല്‍, സൂര്യ കസിഭാട്‍ല തുടങ്ങിയവും അഭിനയിക്കുന്നു. സുരേഷ് ത്രിവേണിയും വിദ്യാ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ‘തുമാരി സുലു’ എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് സുരേഷ് ത്രിവേണിയുടെ സംവിധാനത്തില്‍ വിദ്യാ ബാലൻ അഭിനയിച്ചത്.
ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യും. ഭൂഷണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ടി സീരിസിന്റെ ബാനറിലാണ് നിര്‍മാണം. ‘ഷെര്‍ണി’ എന്ന ചിത്രമാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം സംവിധാനം ചെയ്‌തത് അമിത് വി മസുര്‍കറാണ്. ആമസോൺ പ്രൈമിലൂടെ തന്നെയായിരുന്നു ഇതിന്റെയും റിലീസ്.
Read Also: എച്ച്എൽഎൽ ലേലം; പ്രധാനമന്ത്രിയ്‌ക്ക് കത്തയക്കാൻ ഒരുങ്ങി മുഖ്യമന്ത്രി







































