കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം നേരിടുന്ന കെഎം ഷാജി എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജി കെവി ജയകുമാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് വിജിലൻസ് എസ് പിയോട് പ്രാഥമിക അന്വേഷണം നടത്താൻ ആണ് കോടതി നിർദേശിച്ചത്. അഭിഭാഷകനായ എംആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.
അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസിൽ മൊഴി നൽകാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി നൽകാൻ എത്തിയത്. കെഎം ഷാജിയെ നാളെ ഇഡി ചോദ്യം ചെയ്യും.
2014ൽ അഴീക്കോട് സ്‌കൂളിന് പ്ളസ് ടു അനുവദിച്ച് കിട്ടാൻ കെഎം ഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 31ൽ അധികം പേർക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. പ്ളസ് ടു കോഴ പരാതിയിൽ പി എസ് സി മുൻ അംഗവും ലീഗ് നേതാവുമായ ടിടി ഇസ്‌മയിലിന്റെ മൊഴി ഇഡി ഉദ്യോഗസ്‌ഥർ നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഇഡിയുടെ നിർദേശപ്രകാരം കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീട്ടിൽ നഗരസഭ അധികൃതർ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് വീട് പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകുകയും ചെയ്‌തിരുന്നു.
Also Read: എംസി കമറുദ്ദീനെതിരെ വീണ്ടും വഞ്ചനാ കേസ്; പൂക്കോയ തങ്ങളും പ്രതി