ചെന്നൈ: പുതിയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ പതാക പുറത്തിറക്കി നടൻ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്‌നവും പതാകയിലുണ്ട്.
30 അടിയിലധികം ഉയരമുള്ള കൊടിമരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തി. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികൾ ചടങ്ങിൽ പാർട്ടി പ്രതിജ്‌ഞ ചൊല്ലി.
‘നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങൾ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്‌ടിക്കാനും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ആൽമാർഥമായി പ്രതിജ്‌ഞ ചെയുന്നു’- ഇതായിരുന്നു പാർട്ടി പ്രതിജ്‌ഞ.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും 2026ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.
Most Read| കൊൽക്കത്ത കേസ്; പുതിയ പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ പിരിച്ചുവിട്ട് സർക്കാർ