ന്യൂഡെൽഹി: ‘വികസിത് ഭാരത് 2047′ ലക്ഷ്യമിട്ട് മാർഗരേഖ സമർപ്പിക്കാൻ രണ്ട് അനൗദ്യോഗിക മന്ത്രിതല സമിതികൾ രൂപീകരിച്ച് കേന്ദ്ര സർക്കാർ. സാമ്പത്തിക-സാമൂഹിക മേഖലകളിൽ പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കുന്നതിനാണ് സമിതികൾ. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ സമിതികളെ നയിക്കും.
ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുൾപ്പടെ 13 അംഗങ്ങളാണ് അമിത് ഷായുടെ സമിതിയിൽ ഉള്ളത്. റെയിൽവേ, ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് ഇതിന്റെ കൺവീനർ.
ധനകാര്യം, വ്യവസായം, വാണിജ്യം, അടിസ്‌ഥാന സൗകര്യങ്ങൾ, ലോജിസ്‌റ്റിക്‌സ്, വിഭവങ്ങൾ, ശാസ്‌ത്ര സാങ്കേതികം, ഭരണം എന്നിവയുൾപ്പടെയുള്ള സാങ്കേതിക, സാമ്പത്തിക മേഖലകളിൽ നിയമനിർമാണപരവും നയപരവുമായ പരിഷ്‌കരണ അജണ്ട തയ്യാറാക്കുന്നതിലാണ് ഈ സമിതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സാമൂഹിക-ക്ഷേമ-സുരക്ഷാ മേഖലകളിലെ പരിഷ്‌കരണത്തിന് രാജ്‌നാഥ് സിങ് നേതൃത്വം നൽകുന്ന സമിതിയിൽ 18 അംഗങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, നൈപുണ്യ വികസനം, സാമൂഹ്യക്ഷേമം, ഭവനം, തൊഴിൽ, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലെ പരിഷ്‌കാരങ്ങൾക്കുള്ള സാധ്യതകൾ ഈ സംഘം പരിശോധിക്കും.
റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി, കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർ ഈ പാനലിലെ അംഗങ്ങളാണ്. തൊഴിൽ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് കൺവീനർ. അടുത്ത തലമുറയിലെ പരിഷ്‌കാരങ്ങളുടെ ആവശ്യകതയ്‌ക്കായി കർമസേന രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ മന്ത്രിതല സമിതികൾ രൂപീകരിച്ചിട്ടുള്ളത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ