തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ‘മഹാന്റെ’ ടീസർ പുറത്ത്. വിക്രം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മകൻ ധ്രുവും പ്രധാന വേഷത്തിലുണ്ട്.
പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധനേടിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജ് ആണ്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ആദ്യ ഭാഗങ്ങളിൽ വിക്രം നിറഞ്ഞുനില്‍ക്കുന്ന ടീസറിന്റെ അവസാന ഭാഗത്താണ് ധ്രുവിനെ കാണിച്ചിരിക്കുന്നത്. ‘ഗാന്ധി മഹാന്‍’ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ‘ദാദ’ എന്ന പേരിലാണ് ചിത്രത്തിൽ ധ്രുവ് എത്തുന്നതെന്ന് ടീസറിൽ നിന്നും വ്യക്‌തമാണ്.
വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. വ്യത്യസ്‌ത രൂപത്തിലും ഭാവത്തിലുമാണ് വിക്രം ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ധ്രുവിന്റെ ഇതുവരെ കാണാത്ത വേറിട്ട പ്രകടനത്തിനാകും പ്രേക്ഷകർ സാക്ഷികളാവുക എന്ന സൂചനയും ടീസർ നൽകുന്നുണ്ട്.
ചെന്നൈ പശ്‌ചാത്തലമാക്കിയുളള ഗ്യാങ്‌സ്‌റ്റർ ത്രില്ലർ ചിത്രമാണ് ‘മഹാൻ. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാർ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ സിമ്രാന്‍, സിംഹ, വാണി ഭോജന്‍, സനാത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
വിക്രമിന്റെ 60ആമത്തെ ചിത്രം കൂടിയായ ‘മഹാൻ’ ഒടിടി റിലീസായി ഫെബ്രുവരി പത്തിന് പ്രേക്ഷകർക്ക് മുന്നിലെത്തും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്.
Most Read: വെസ്‌റ്റ് ഇൻഡീസിന് എതിരായ പരമ്പര; മലയാളി താരം എസ് മിഥുൻ റിസർവ് ടീമിൽ