കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്‌ടം. വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതിയടക്കം ആറ് വൈദ്യുത പദ്ധതികൾക്കും നാശനഷ്‌ടമുണ്ടായി. വൈദ്യുതി ഉൽപ്പാദനക്കുറവിൽ മാത്രം രണ്ടേമുക്കാൽ കോടി രൂപയുടെ നഷ്‌ടമാണ് വന്നത്.
വിലങ്ങാട് ചെറുകിട വൈദ്യുത പദ്ധതിയുടെ തടയണ കല്ലും മണ്ണും നിറഞ്ഞു നികന്നു. സംരക്ഷണഭിത്തി തകർന്നു. പെൻസ്‌റ്റോക് പൈപ്പിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ മണ്ണും കല്ലും നിറഞ്ഞു മൂടി. ഇവിടെ മാത്രം രണ്ടുകോടിയുടെ നഷ്‌ടമാണ് ഉള്ളത്. പൂഴിത്തോട്, ചെമ്പുകടവ്, ഉറുമി, ചാത്തൻകോട്ട് നട, കക്കയം പദ്ധതികളിലായി 36 ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായി.
ഇതിന് പുറമെയാണ് ഉൽപ്പാദന നഷ്‌ടം. വിലങ്ങാട് പൂർവ്വസ്‌ഥിതിയിലാകാൻ ഒരു മാസത്തോളം സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. പന്നിയേരി, മലയങ്ങാട്, കമ്പിളിപ്പാറ, പാനോം, കുറ്റല്ലൂർ ഭാഗങ്ങളിലാണ് ചെറുതും വലുതുമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. പ്രാഥമിക പരിശോധനയിൽ ബോധ്യമായ നഷ്‌ടത്തിന്റെ തോത് റവന്യൂ അധികാരികൾ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
Most Read| വയനാട്ടിൽ സഹായധനം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം







































